വീട്ടിൽ 120 ലിറ്റർ സ്പിരിറ്റ്; അന്വേഷിച്ചെത്തിയ പോലീസിനെ ഭയന്ന് ഗൃഹനാഥൻ ജീവനൊടുക്കി
Monday, March 31, 2025 5:06 AM IST
പുത്തൂർ: വീട്ടിൽ സ്പിരിറ്റ് സൂക്ഷിച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതിനെത്തുടർന്ന് അന്വേഷിച്ചെത്തിയ പോലീസിനെ ഭയന്ന് ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൂർ കോക്കാത്ത് ആലക്കപറമ്പിൽ ജോഷി (55) ആണ് മരിച്ചത്.
രഹസ്യവിവരത്തെത്തുടർന്ന് പോലീസ് ജോഷിയുടെ വീട്ടിൽ എത്തി നടത്തിയ പരിശോധനയിൽ നാലു കന്നാസുകളിലായി സൂക്ഷിച്ച 120 ലിറ്റർ സ്പിരിറ്റ് കണ്ടെത്തി.
രണ്ടു കന്നാസുകളിൽ സൂക്ഷിച്ച കള്ളും കണ്ടെത്തി. പോലീസ് എത്തിയ സമയത്ത് ജോഷി വീട്ടിൽ ഉണ്ടായിരുന്നില്ല. പിന്നീട് വിവരമറിഞ്ഞ ജോഷി സമീപത്തെ പറമ്പിലെ ഷെഡിൽ തൂങ്ങിമരിക്കുകയായിരുന്നെന്നാണു വിവരം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.