ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് കൊച്ചി വിമാനത്താവളത്തിൽ ആവേശോജ്വല സ്വീകരണം
Monday, March 31, 2025 5:06 AM IST
നെടുമ്പാശേരി: ശ്രേഷ്ഠ കാതോലിക്കായായി അഭിഷിക്തനായശേഷം ബെയ്റൂട്ടിൽനിന്ന് കേരളത്തിലെത്തിയ മാർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആവേശോജ്വല വരവേൽപ്പ്. സമീപപ്രദേശങ്ങളിൽനിന്നുള്ള ഇടവക പള്ളികളിലെ വിശ്വാസികൾ, പാത്രിയർക്കാ പതാകയുമേന്തി അന്ത്യോഖ്യ-മലങ്കര ബന്ധം നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യം മുഴക്കിയാണ് ജന്മനാട്ടിൽ വന്നിറങ്ങിയ ശ്രേഷ്ഠ കാതോലിക്കാ ബാവായെ സ്വീകരിച്ചത്.
ബെയ്റൂട്ടിൽനിന്ന് ബംഗളൂരുവിലെത്തിയശേഷം അവിടെനിന്ന് സ്വകാര്യ വിമാനത്തിലാണ് ബാവായും സംഘവും ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊച്ചിയിൽ വന്നിറങ്ങിയത്. ശ്രേഷ്ഠ ബാവായെ ബെയ്റൂട്ടിൽനിന്ന് അനുഗമിച്ചിരുന്ന മാർ ദാനിയേൽ ക്ലീമീസ്, മാർ തിമോത്തിയോസ് മത്താസ് അൽഖൂറി എന്നീ മെത്രാപ്പോലീത്തമാർ നേരത്തേതന്നെ ഇവിടെ എത്തിച്ചേർന്നിരുന്നു. രാവിലെ 11 മുതൽ വിശ്വാസികൾ പ്രത്യേക വാഹനങ്ങളിൽ വിമാനത്താവളത്തിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. വിശ്വാസി സമൂഹത്തെ കൈവീശി അഭിവാദ്യം ചെയ്താണ് ശ്രേഷ്ഠ ബാവാ പുത്തൻ കുരിശിലേക്കു പുറപ്പെട്ടത്.
കൊച്ചി വിമാനത്താവളത്തിലെ ബിസനസ് ടെർമിനലിൽ വന്നിറങ്ങിയ ശേഷ്ഠ ബാവായെ മെത്രാപ്പോലീത്തമാരും ജനപ്രതിനിധികളും സഭാ ഭാരവാഹികളും ചേർന്നാണ് വരവേറ്റത്. ഏബ്രാഹം മാർ സേവേറിയോസ്, മാത്യൂസ് മാർ തിമോത്തിയോസ്, മാത്യൂസ് മാർ ഈവാനിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ്, ഏല്യാസ് മാർ അത്താനാസിയോസ്, മാത്യൂസ് മാർ അഫ്രേം, കുര്യാക്കോസ് മാർ യൗസേബിയോസ്, മർക്കോസ് മാർ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മാർ ക്ലീമീസ് എന്നീ മെത്രാപ്പോലീത്തമാരും ബെന്നി ബഹനാൻ എംപി, എംഎൽഎ മാരായ മാത്യു കുഴൽനാടൻ, റോജി എം. ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, വർഗീസ് അരീയ്ക്കൽ കോറെപ്പിസ്കോപ്പ, മുൻ മന്ത്രി ടി.യു. കുരുവിള, ഷിബു തെക്കുംപുറം, ഫാ. റോയി കട്ടച്ചിറ, തമ്പു ജോർജ് തുകലൻ തുടങ്ങിയവരും ബാവായെ സ്വീകരിക്കാൻ എത്തിയിരുന്നു.