പ്രകൃതി കൃഷി പഠിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥർ ആന്ധ്രയിലേക്ക്
സ്വന്തം ലേഖകന്‍
Monday, March 31, 2025 5:24 AM IST
കോഴിക്കോട്: കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴില്‍ കേന്ദ്രാവിഷ്കൃതമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര പദ്ധതിയായ നാഷണല്‍ മിഷന് ഓണ്‍ നാച്ചുറല്‍ ഫാമിംഗി (എന്എംഎന്എഫ്)നെക്കുറിച്ച് പഠിക്കാന്‍ കൃഷി മന്ത്രിയും ഉദ്യോഗസ്ഥ സംഘവും ആന്ധ്രപ്രദേശിലേക്ക്. രാസവസ്തുക്കള്‍ ഉപയോഗിക്കാതെ കന്നുകാലികളെ അടിസ്ഥാനമാക്കിയുള്ള പ്രകൃതി കൃഷി വിജയകരമായി നടപ്പിലാക്കി വരുന്ന ആന്ധ്രപ്രദേശിലെ കൃഷിയിടങ്ങളിൽ ഏപ്രില്‍ മൂന്ന്, നാല് തീയതികളിലാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സന്ദര്‍ശനം.
കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാനും ആന്ധ്രപ്രദേശിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനും ഒന്‍പതംഗ ഉദ്യോഗസ്ഥ പ്രതിനിധികളടങ്ങിയ സംഘമാണ് കൃഷിമന്ത്രിയെ അനുഗമിക്കുന്നത്. കേരളത്തിലും പ്രകൃതി കൃഷി ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് സന്ദര്‍ശനം. സംഘത്തിന് വിമാനമാര്‍ഗം ആന്ധ്രയില്‍ പോയി തിരിച്ചുവരുന്നതിന് സര്‍ക്കാര്‍ അനുമതി നല്കി.
കൃഷി ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്, കൃഷി അഡീഷണല്‍ ഡയറക്ടര്‍ (ഫാംസ് ആന്‍ഡ് ബയോഗ്യാസ്) തോമസ് സാമുവല്‍, നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാം സൂപ്രണ്ട് പി. സാജിദലി, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ (സീഡ് ഫാം) ലിസിമോള് ജെ. വടുക്കൂട്ട്, മലപ്പുറം മുണ്ടേരിയിലെ സീഡ് ഗാര്ഡന് കോംപ്ലക്സിലെ അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഷക്കീല, ആലത്തൂര്‍ സ്റ്റേറ്റ് സീഡ് ഫാമിലെ സീനിയര്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എം.വി. രശ്മി, പുല്ലൂര്‍ സ്റ്റേറ്റ് സീഡ് ഫാമിലെ സീനിയര്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കെ.എ. ഷിജോ, നേര്യമംഗലം ജില്ലാ അഗ്രികള്‍ച്ചറല്‍ ഫാമിലെ സൂപ്രണ്ട് ജാസ്മിന് തോമസ്, വെള്ളായണി കാര്‍ഷിക കോളജിലെ ഓര്‍ഗാനിക് അഗ്രികള്‍ച്ചറല്‍ വിഭാഗം പ്രഫസര്‍ ഡോ. ബി. അപര്‍ണ എന്നിവരാണ് കൃഷിമന്ത്രിയെ അനുഗമിക്കുന്നത്.
നാഷണല്‍ മിഷന് ഓണ്‍ നാച്ചുറല്‍ ഫാമിംഗ്
മണ്ണിന്റെ ആരോഗ്യം പുനഃസ്ഥാപിക്കാനും ഹരിതഗൃഹ വാതകങ്ങളുടെ ഉത്പാദനം കുറയ്ക്കാനും സഹായകരമായ പുനരുത്പാദന കൃഷിരീതിയായിട്ടാണ് ആഗോളതലത്തില്‍ എന്എംഎന്എഫ് (നാഷണല്‍ മിഷന് ഓണ്‍ നാച്ചുറല്‍ ഫാമിംഗ്) കണക്കാക്കപ്പെടുന്നത്.
കൃഷിച്ചെലവ് കുറയ്ക്കുക, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, വിഭവ സംരക്ഷണം ഉറപ്പാക്കുക, സുരക്ഷിതവും ആരോഗ്യകരവുമായ മണ്ണ്, പരിസ്ഥിതി, ഭക്ഷണം എന്നിവ ഉറപ്പാക്കുക എന്നിവ ലക്ഷ്യമാക്കി കന്നുകാലികളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പ്രകൃതിദത്ത കൃഷി രീതിയാണിത്. പദ്ധതിക്കായി കേന്ദ്രം 1584 കോടിയും സംസ്ഥാനങ്ങള്‍ 897 കോടിയും നല്‍കും.
രാസവളങ്ങള്‍ക്കു പകരം കന്നുകാലികളുടെ ചാണകവും മൂത്രവും വളമായി ഉപയോഗിക്കാന്‍ കര്‍ഷകര്‍ക്ക് പരിശീലനവും പ്രോത്സാഹനവും നല്‍കുന്നുണ്ട് എന്എംഎന്എഫ്. ജീവാമൃത്, ബീജാമൃത് പോലുള്ള എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ജൈവവളങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി 10,000 ബിആര്‍സികള്‍ സ്ഥാപിക്കാന്‍ കേന്ദ്രം ലക്ഷ്യമിടുന്നു. കന്നുകാലികളില്‍ നിന്നുള്ള വിഭവങ്ങള്‍ ഉപയോഗിച്ച് പ്രകൃതിദത്ത വളങ്ങള്‍ തയാറാക്കുന്നതിന് 18.75 ലക്ഷം കര്‍ഷകരെ സജ്ജരാക്കും.
ജൈവരീതിയിലുള്ള പ്രകൃതിദത്ത കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതിനായി ലളിതമായ സര്ട്ടിഫിക്കേഷന് സംവിധാനവും പൊതു ബ്രാന്‍ഡിംഗും എന്എംഎന്എഫിന്റെ പ്രത്യേകതയാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സന്നദ്ധതയുള്ള ഗ്രാമപഞ്ചായത്തുകളില്‍ 15,000 ക്ലസ്റ്ററുകള്‍ സൃഷ്ടിക്കാനാണ് ഉദ്ദേശ്യം. ഒരു കോടി കര്‍ഷകർക്കു പരിശീലനം നല്കി 7.5 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയില്‍ പ്രകൃതി കൃഷി രീതികള്‍ നടപ്പാക്കും.