അധ്യാപക-വിദ്യാര്‍ഥി ജാഗ്രതാ സമിതികള്‍ വേണം
Monday, March 31, 2025 4:46 AM IST
തിരുവനന്തപുരം: അധ്യാപക-വിദ്യാര്‍ഥി ജാഗ്രതാ സമിതികള്‍ എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാകണമെന്ന് ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിര്‍ദേശം. കോളജുകളിലും വിദ്യാലയങ്ങളിലും സ്റ്റുഡന്റ് ഗൈഡന്‍സ് സപ്പോര്‍ട്ട് പ്രോഗ്രാം വേണമെന്ന നിര്‍ദേശവുമുയര്‍ന്നു.
വിദ്യാര്‍ഥികളില്‍ കായികക്ഷമത വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ രൂപീകരിക്കണം. വീടും വിദ്യാലയവും ചേര്‍ന്ന് കുട്ടികയുടെ വ്യക്തിത്വം വികസിപ്പിക്കുന്ന സംയുക്ത ചുമതലയായി ഹോം ചാര്‍ട്ടര്‍ രൂപപ്പെടുത്തണം. എന്‍എസ്എസ്, സ്കൗട്ട്, എസ്പിസി തുടങ്ങിയ വോളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി മെന്ററിംഗ് ശൃംഖല ഉണ്ടാക്കണം.
ട്യൂഷന് സെന്ററുകളും കോച്ചിംഗ് സെന്ററുകളും നിരീക്ഷണത്തില്‍ കൊണ്ടുവരണം. റാഗിംഗ്, സമ്മര്‍ദം തുടങ്ങിയ പ്രശ്നങ്ങള്‍ മറികടക്കാന്‍ എസ്പിസി ഗ്രൂപ്പുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, ലൈഫ് സ്കില്‍ പരിശീലനം എന്നിവ ഏകോപിപ്പിച്ച് സ്ഥിരം സഹായസംവിധാനം ഓരോ സ്കൂളിലും ഉറപ്പാക്കണം. വിദ്യാര്‍ഥികളില്‍ നിന്നു വരുന്ന പരാതികള്‍ പരിശോധിക്കാന്‍ സ്പെഷല്‍ മോണിറ്ററിംഗ് ടീം എല്ലാ കലാലയങ്ങളിലും ഉണ്ടാവണമെന്നും അഭിപ്രായമുയര്‍ന്നു.