ലഹരി വിരുദ്ധ കാന്പയിന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ നിയോഗിക്കണമെന്നു മുഖ്യമന്ത്രി
Saturday, March 29, 2025 2:07 AM IST
തിരുവനന്തപുരം: ലഹരി വിരുദ്ധ കാന്പയിന് സ്റ്റുഡൻറ് പോലീസ് കേഡറ്റുകളെ ഉപയോഗിക്കാൻ കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരേയുള്ള സ്കൂൾതല പരിശീലകരായി പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ സേവനം അതത് സ്ഥലത്തു ലഭ്യമാക്കണം. എസ്പിസി ശക്തിപ്പെടുത്താൻ ആക്ഷൻ പ്ലാൻ വികസിപ്പിക്കും. എസ്പിസി, എസ്സിഇആർടി, സീമാറ്റ്, ഐഎംജി, കില തുടങ്ങിയ ഏജൻസികളിലെ വിദഗ്ധരെ ആക്ഷൻ പ്ലാൻ വികസിപ്പിക്കൽ ശില്പശാലയിൽ പങ്കെടുപ്പിക്കണം.
കുട്ടികളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം പാഠ്യവിഷയ മികവു മാത്രമാകരുത്. താത്പര്യമുള്ള കുട്ടികളെ അർഹത നോക്കി തെരഞ്ഞെടുക്കണം. തീരദേശ, പിന്നാക്ക മേഖലകളിലെ സ്കൂളുകൾക്ക് പദ്ധതിയിൽ മുൻഗണന നൽകണം.
തദ്ദേശ സ്ഥാപന തനത് വികസന ഫണ്ടുകളിൽ നിന്ന് അനുവദനീയമായ തുക എസ്പിസി പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾക്ക് ലഭ്യമാക്കണം. സ്കൂൾ, ജില്ല, സംസ്ഥാനതല അവലോകന യോഗങ്ങൾ യഥാസമയം നടത്തി പദ്ധതി നടത്തിപ്പു പുരോഗതി വിലയിരുത്തണം.
പദ്ധതി നടപ്പാക്കുന്ന എല്ലാ സ്കൂളുകളിലും പരിശീലനത്തിന് ആവശ്യമായ അധ്യാപകരുടെയും പോലീസുകാരുടെയും സേവനം ലഭ്യമാക്കണം. ഇത് ഉറപ്പാക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെയും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെയും ചുമതലപ്പെടുത്തി.