കുടകിൽ മലയാളി യുവാവ് ഭാര്യയെയും മകളെയും അടക്കം നാലുപേരെ കൊലപ്പെടുത്തി
Saturday, March 29, 2025 2:07 AM IST
ഇരിട്ടി: കുടക് ജില്ലയിലെ പൊന്നംപേട്ട് താലൂക്കിലെ ബേഗുരു ഗ്രാമത്തിൽ മലയാളി യുവാവ് ഭാര്യയെയും മകളെയും ഭാര്യയുടെ മാതാപിതാക്കളെയും കൊലപ്പെടുത്തി.
ഗിരീഷ് (35) എന്നയാളാണ് കൊലപാതകം നടത്തിയത്. ഭാര്യ നാഗി (30), മകൾ കാവേരി (അഞ്ച്), നാഗിയുടെ പിതാവ് ജെനു കുറുബറ കറിയ (75), ഭാര്യ ഗൗരി (75) എന്നിവരാണ് കൊല്ലപ്പെട്ടത്. വാളുപയോഗിച്ച് പ്രതി നാലു പേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം ഇയാൾ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. കുടുംബപ്രശ്നങ്ങളാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്ന് സംശയിക്കുന്നു.ഏഴു വർഷം മുമ്പാണ് ഗിരീഷും നാഗിയും വിവാഹിതരായത്. കൂലിപ്പണിക്കാരായ ദമ്പതിമാരും മകളും അടുത്തിടെയാണ് ബേഗൂരിലെ ഭാര്യാപിതാവിന്റെ വീട്ടിലേക്ക് താമസം മാറിയത്.
കൊലപാതകത്തിനുശേഷം ഒളിവില്‍പോയ ഗിരീഷിനെ തലപ്പുഴ എസ്ഐ ടി. അനീഷ്, സ്പെഷല്‍ ബ്രാഞ്ച് എസ്ഐ ജി. അനില്‍, സിപിഒമാരായ അലി, ഷക്കീര്‍ എന്നിവരടങ്ങുന്ന സംഘം ഇന്നലെ തലപ്പുഴ 43ല്‍നിന്നു കസ്റ്റഡിയിലെടുത്തു.