ലഹരിക്കൊപ്പം എച്ച്ഐവി ‘ഫ്രീ’; മുന്നറിയിപ്പുമായി എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി
Friday, March 28, 2025 3:16 AM IST
റെജി ജോസഫ്
കോട്ടയം: ലഹരി ലഭ്യതയും വില്പനയും ഉപയോഗവും അനിയന്ത്രിതമായിരിക്കെ സംസ്ഥാനത്ത് എയ്ഡ്സ് രോഗത്തിനു കാരണമാകുന്ന എച്ച്ഐവി വൈറസിന്റെ അതിവ്യാപന സാധ്യതയെന്ന് സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ മുന്നറിയിപ്പ്.
സംസ്ഥാനത്തെ എച്ച്ഐവി പോസിറ്റീവുകാരുടെ എണ്ണം 17,000ത്തിലേക്ക് ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. 2019ല്‍ 1211 പേര്‍ക്കാണ് എച്ച്ഐവി വൈറസ് ബാധ സ്ഥിരീകരിച്ചത്. 2023ല്‍ ഇത് 1270ഉം 2024ല്‍ 1065 ആയിരുന്നു.
ഇതരസംസ്ഥാന തൊഴിലാളികളിലും യുവജനങ്ങളിലുമാണ് എച്ച്ഐവി വൈറസ് വ്യാപിക്കുന്നത്. സംസ്ഥാനത്തെ ആകെ എച്ച്ഐവി പോസിറ്റീവില്‍ 15 ശതമാനം 18-25 പ്രായക്കാരാണെന്നും എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. 10 വര്‍ഷം മുമ്പ് സംസ്ഥാനത്തെ എച്ച്ഐവി ബാധിതരുടെ ശരാശരി പ്രായം നാല്പതിനു മുകളിലായിരുന്നു. മയക്കുമരുന്ന് നിറച്ച സിറിഞ്ച് കൈമാറി ഉപയോഗിച്ചവരിലാണ് കൂടുതൽ എച്ച്ഐവി പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുന്നത്.
ലൈംഗിക തൊഴിലാളികള്‍, ട്രാന്‍സ്ജന്‍ഡേഴ്സ്, സ്വവര്‍ഗാനുരാഗികള്‍ എന്നിവരിലെ വ്യാപനത്തേക്കാള്‍ ഏറെ ഉയര്‍ന്ന തോതിലാണ് ഇതരസംസ്ഥാന തൊഴിലാളികളിലെയും യുവജനങ്ങളിലെയും വ്യാപനം.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030ല്‍ പുതിയ എച്ച്ഐവി ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിനുള്ള തിരിച്ചടിയാണ് കേരളത്തില്‍ നിലവില്‍ സംഭവിക്കുന്നത്. പരിശോധന കര്‍ക്കശമല്ലാത്തതിനാല്‍ കേരളത്തില്‍ നിരക്ക് ഏറെ കൂടാനാണ് സാഹചര്യം.
വ്യക്തിയുടെ സമ്മതം കൂടാതെ എച്ച്ഐവി നിര്‍ണയ പരിശോധന പാടില്ലെന്ന നിബന്ധന വ്യാപനത്തിന് ആക്കം കൂട്ടുന്നു. എയ്ഡ്സ് മറച്ചുവയ്ക്കുന്നവരും തിരിച്ചറിയാത്തവരും ഏറെപ്പേരാണ്. ഇവരില്‍നിന്ന് അനേകരിലേക്ക് വൈറസ് പടരാനും സാഹചര്യമുണ്ട്.
ഒരേ സൂചി; 10 പേർക്ക് എച്ച്ഐവി പോസിറ്റീവ്
മലപ്പുറം: മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന സംഘത്തിലെ 10 പേർക്ക് എച്ച്ഐവി പോസിറ്റീവ്.
ജില്ലാ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഒരേ സൂചി ഉപയോഗിച്ച് മയക്കുമരുന്ന് കുത്തിവയ്ക്കുന്നവർക്കിടയിൽ എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതിൽ മൂന്നു പേർ ഇതരസംസ്ഥാന തൊഴിലാളികളാണ്.
സംസ്ഥാന സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പും എയ്ഡ്സ് നിയന്ത്രണ ഓഫീസുകളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ തോതിൽ കേസുകൾ കണ്ടെത്തിയത്. കഴിഞ്ഞ വർഷം മലപ്പുറം ജില്ലയിൽ 68 എച്ച്ഐവി പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.