“ഒരു ദുരന്തത്തിനും തോൽപ്പിക്കാനാകില്ല; ഒരുമകൊണ്ട് നാം അതിജീവിക്കും”; വയനാട് ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി
Friday, March 28, 2025 3:16 AM IST
കൽപ്പറ്റ: ജനം ഒപ്പം നിൽക്കുമെങ്കിൽ സംസ്ഥാന സർക്കാരിന് ഒന്നും അസാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനു നഗരപരിധിയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽനിന്ന് ഏറ്റെടുത്ത ഭൂമിയിൽ ടൗണ്‍ഷിപ്പ് പദ്ധതിയുടെ ശിലാഫലകം അനാച്ഛാദനം, ആദ്യവീടിന്റെ ശിലാസ്ഥാപനം, സ്പോണ്‍സർഷിപ്പ് പോർട്ടൽ പ്രകാശനം എന്നിവ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനം ഐക്യത്തോടെ നിന്നാൽ ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാകില്ല. എന്തിനെയും അതിജീവിക്കാൻ സംസ്ഥാനത്തിനു കഴിയും എന്നതാണ് ദുരന്തബാധിതരുടെ പുനരധിവാസം നൽകുന്ന മഹാസന്ദേശം.
“പുനരധിവാസം സാധ്യമാകുന്നതിൽ ആരോടൊക്കെ നന്ദിപറയണമെന്ന് അറിയില്ല. നിത്യവരുമാനത്തിൽനിന്നു മാറ്റിവച്ച തുകയുടെ ഓഹരിയാണു പാവപ്പെട്ടവർ മുതൽ പ്രവാസികൾ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ലഭ്യമാക്കിയത്.
430 വീടുകളാണ് ടൗണ്‍ഷിപ്പിൽ നിർമിക്കുന്നത്. ഒരു നിലകൂടി പണിയാൻ കഴിയുന്ന വിധത്തിലാണ് ഓരോ വീടിനും അടിത്തറ കെട്ടുന്നത്. ടൗണ്‍ഷിപ്പിൽ ഒരു ക്ലസ്റ്ററിൽ 20 വീടുകളാണ് ഉണ്ടാകുക. വീടുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും.
ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുന്നതിന് പൊതുവായ ഇടപെടൽ തുടരുകയാണ്. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ എന്തു വിലകൊടുത്തും സർക്കാർ പാലിക്കും. ടൗണ്‍ഷിപ്പിൽ 100 വീടുകളുടെ നിർമാണത്തിന് ഉപയോഗപ്പെടുത്തുന്നതിനു സ്പോണ്‍സർഷിപ്പ് അസിസ്റ്റൻസ് എന്ന നിലയിൽ 20 കോടി രൂപ കർണാടക സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്.
00 വീടുകളുടെ നിർമാണത്തിനുള്ള ചെലവ് ഡിവൈഎഫ്ഐ വഹിക്കും. നാഷണൽ സർവീസ് സ്കീം 10 കോടി രൂപ അനുവദിക്കും. മറ്റാരും സ്പോണ്‍സർഷിപ്പ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഒ.ആർ. കേളു, രാമചന്ദ്രൻ കടന്നപ്പള്ളി, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രിയങ്ക ഗാന്ധി എംപി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ടി. സിദ്ദിഖ് എംഎൽഎ എന്നിവർ പ്രസംഗിച്ചു.
ടൗണ്‍ഷിപ്പ് പ്രോജക്ട് സ്പെഷൽ ഓഫീസർ എസ്. സുഹാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതവും ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ നന്ദിയും പറഞ്ഞു.
പ്രതീക്ഷിച്ച സഹായം കിട്ടിയില്ല: പിണറായി
2,321 കോടി രൂപയാണ് പുനരധിവാസത്തിനു വേണ്ടിയിരുന്നത്. പ്രത്യേക കേന്ദ്ര സഹായം പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല. സമയബന്ധിതമായി ചെലവഴിക്കേണ്ട 529 കോടി രൂപയുടെ വായ്പയാണു കേന്ദ്രം അനുവദിച്ചത്.
സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ദുരന്തമേഖലയിൽ കേരളം കാഴ്ചവച്ചത്. 266 പേർ ദുരന്തത്തിൽ മരിച്ചു. 32 പേരെ കാണാതായി. ഇവരെ പിന്നീട് മരിച്ചതായി കണക്കാക്കി. ദുരന്തബാധിതർക്ക് ഇതിനകം 25.64 കോടി രൂപ സർക്കാർ പണമായി നൽകി.