അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം ആറുവയസിൽ
Friday, March 28, 2025 3:16 AM IST
തിരുവനന്തപുരം: 2026-27 വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള മാനദണ്ഡം ആറുവയസായി നിജപ്പെടുത്തും. നിലവിൽ സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസിലാണ്.
ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത്, ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികൾ സജ്ജമാകുന്നത് ആറു വയസിനു ശേഷമാണെന്നും അതിനാലാണ് വികസിതരാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശനപ്രായം ആറു വയസോ അതിന് മുകളിലോ ആക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
കേരളത്തിൽ കുട്ടികളെ അഞ്ചു വയസിലാണ് കാലങ്ങളായി ഒന്നാം ക്ലാസിൽ ചേർക്കുന്നത്. നിലവിൽ സംസ്ഥാനത്തും കാര്യമായ മാറ്റം വന്നുതുടങ്ങി. 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറ് വയസിനു ശേഷമാണ് സ്കൂളിൽ എത്തുന്നത്. ഈ സാഹചര്യത്തിൽ 2026-27 അക്കാദമിക വർഷം മുതൽ ഒന്നാം ക്ലാസിൽ പ്രവേശിക്കാനുള്ള കുറഞ്ഞ പ്രായം ആറായി നിജപ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.