ഒരേ സൂചി ഉപയോഗിച്ച് ലഹരി കുത്തിവച്ചവർക്ക് എച്ച്ഐവി
Friday, March 28, 2025 3:16 AM IST
മലപ്പുറം: സംസ്ഥാനത്തെ ഭയാനകമായ മയക്കുമരുന്ന് ഉപ യോഗത്തിന്റെ ദുരന്തമുഖമായി മാറുകയാണ് യുവജനങ്ങളിലെ എച്ച്ഐവി വൈറസ് വ്യാപനം. എച്ച്ഐവി സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനം എന്ന അംഗീകാരം കേരളത്തിന് നഷ്ടമാകാന് മയക്കുമരുന്ന് വ്യാപനം ഇടയാക്കും.
മലപ്പുറം വളാഞ്ചേരിയിൽ ഒരേ സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്നു കുത്തിവച്ച പത്തുപേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സാധാരണയായി വൈറസ് ബാധ തിരിച്ചറിയുന്നവർ അവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ മടിക്കാറുണ്ട്.
എന്നാൽ, വളാഞ്ചേരിയിൽ ആദ്യം വൈറസ്ബാധ തിരിച്ചറിഞ്ഞ വ്യക്തി എല്ലാ വിവരങ്ങളും നൽകിയതു പ്രയോജനകരമായെന്നും ഇതു മൂലമാണ് മറ്റ് ഒന്പത് പോസറ്റീവ് കേസുകൾ കണ്ടെത്താനായതെന്നും ജില്ലാ പഞ്ചായത്ത് സുരക്ഷാ പ്രോജക്ട് മാനേജർ ഹമീദ് കട്ടുപ്പാറ പറഞ്ഞു.
സംഭവത്തെത്തുടർന്ന് ആരോഗ്യവകുപ്പ് വരുംദിവസങ്ങളിൽ ഇത്തരത്തിലുള്ള പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചു.
മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ ഉൾപ്പെടെ എച്ച്ഐവി/എയ്ഡ്സ് രോഗത്തിന്റെ അപകടം ജനങ്ങൾക്ക് മനസിലാക്കാൻ പ്രചാരണം ശക്തമാക്കും. സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നതിനാൽ എച്ച്ഐവി വ്യാപനസാധ്യതയുമുണ്ടെന്നു ഹമീദ് കട്ടുപ്പാറ ചൂണ്ടിക്കാട്ടി.
ഇതിനു പുറമേ ഇതരസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് എയ്ഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വളാഞ്ചേരിയിലെ എച്ച്ഐവി റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലാ ഭരണകൂടം അടിയന്തര യോഗം ചേരാനിരിക്കുകയാണ്. തുടർനടപടികൾ സംബന്ധിച്ച് യോഗത്തിൽ തീരുമാനമെടുക്കും.
ആരോഗ്യവകുപ്പ് എച്ച്ഐവി പോസറ്റീവ് സാധ്യതയുള്ള വിഭാഗങ്ങൾക്കിടയിൽ നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക പറഞ്ഞു. ഇതിന്റെ ഭാഗമായി ലൈംഗിക തൊഴിലാളികൾ, കുത്തിവച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്നവർ എന്നിവരെ നിരീക്ഷിച്ചപ്പോൾ, ഒരു വ്യക്തിക്ക് എച്ച്ഐവി പോസറ്റീവ് ആണെന്ന് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ ഈ വ്യക്തി സിറിഞ്ച് പങ്കിട്ടിരുന്നവരെയും പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് ഒന്പത് പേർക്കുകൂടി എച്ച്ഐവി പോസറ്റീവ് ആയതായി കണ്ടെത്തിയത്.