ശരീരം വെടിഞ്ഞ ആത്മാവ്
Friday, March 28, 2025 3:16 AM IST
റവ. ഡോ. ജോസി കൊല്ലമ്മാലിൽ സിഎംഐ
"ജന്മദിനത്തേക്കാൾ മരണദിനമാണ് നല്ലത്; ജനനാഘോഷത്തേക്കാൾ മരണാഘോഷമാണ് ശ്രേഷ്ഠം; വിവാഹവിരുന്നിനായി പന്തലിൽ പ്രവേശിക്കുന്നതിനേക്കാൾ അഭികാമ്യം മരണവീട്ടിൽ പ്രവേശിക്കുന്നതാണ്'' എന്ന സോളമൻ രാജാവിന്റെ ചിന്തകളുമായി തുടങ്ങുന്ന, ചാവറയച്ചൻ രചിച്ച മരണവീട്ടിൽ പാടാനുള്ള പാന എന്ന കവിതയിൽ; മരണവീട്ടിൽ സന്നിഹിതരായ ബന്ധുമിത്രാദികളോടും അയൽക്കാരോടും, ശരീരം വേർപെട്ട് മടങ്ങുന്ന പരേതാത്മാവ് തന്റെ ആത്മശാന്തിക്കായി പ്രാർഥിക്കാൻ അഭ്യർഥിക്കുന്നുണ്ട്. ഭൂലോകം, സ്വർഗം, ശുദ്ധീകരണസ്ഥലം എന്നീ മൂന്നു വിഭാഗങ്ങളിൽ നിലകൊള്ളുന്ന ആത്മാക്കൾ തമ്മിലുള്ള ബന്ധം വിശദമാക്കുന്ന കാവ്യം.
മൂന്നു സഭകളെക്കുറിച്ചു കവി പറയുന്നു: വിജയസഭ, സഹനസഭ, സമരസഭ. ലോകത്തിൽ വിശുദ്ധജീവിതം നയിച്ചവർ വിജയസഭയിൽ ദൈവത്തോടൊപ്പം. ചെറുതും വലുതുമായ തെറ്റുകൾ അറിഞ്ഞോ അറിയാതെയോ ചെയ്തവർ സഹനസഭയിൽ ശുദ്ധീകരിക്കപ്പെടുന്നു. ഈ ആത്മാക്കളെ അവരുടെ പീഡനകാലം കുറച്ച് എത്രയും വേഗം വിജയസഭയിലെത്തിക്കാൻ സമരസഭയിലെ അംഗങ്ങളായ മനുഷ്യർ പ്രാർഥനകളും ത്യാഗങ്ങളും വഴി ദൈവത്തോട് ആധ്യാത്മികമായ സമരം നടത്തുന്നു.
നാളെ നിങ്ങളും
ശരീരം വെടിഞ്ഞ ആത്മാവ് ഇങ്ങനെ പറയുന്നു: "ഇത്രയുംകാലം ഞാൻ നിങ്ങളോടൊന്നിച്ച് ആഹ്ലാദത്തോടെ കഴിഞ്ഞു. നാമൊന്നായി സന്തോഷപുരസരം വിഹരിച്ചവേളയിൽ, മരണമെന്ന സത്യത്തെക്കുറിച്ചു ചിന്തിച്ചിരുന്നില്ല. ഇന്നു ഞാൻ നിങ്ങളിൽനിന്നു വേർപെട്ടിരിക്കുന്നു. എന്റെ കാഴ്ചശക്തിയും ശ്രവണശക്തിയും അവസാനിച്ചു. എന്റെ മൃതശരീരത്തെ നോക്കി പ്രാർഥിക്കുന്ന പ്രിയപ്പെട്ടവരേ, നിങ്ങളോടു ചില സത്യങ്ങൾ ഞാൻ പറയട്ടെ; ചിരിച്ചും കളിച്ചും സന്തോഷസമേതം നടന്നപ്പോൾ നമ്മൾ മരിക്കുമെന്നോ ദൈവം ജീവൻ തിരികെയെടുക്കുമെന്നോ ജീവിതത്തിനൊരവസാനം നിശ്ചയിക്കുമെന്നോ തെല്ലും ഓർത്തില്ല.
ഇന്നലെവരെ ഞാൻ നിങ്ങളിൽ ഒരുവനെപ്പോലെ ആയിരുന്നു. നാളെ നിങ്ങളും എന്നെപ്പോലെ ശരീരം വേർപെട്ട ആത്മാവാകും. എനിക്കിപ്പോൾ വന്നുചേർന്ന ഈ ശിക്ഷാവിധിയെ അല്പമെങ്കിലും വിശദീകരിച്ചു തരാനോ കാട്ടിത്തരാനോ സാധിക്കുന്നില്ല. ഒന്നോർത്തുകൊള്ളുക, ഇന്ന് എനിക്ക് നേരിട്ട ഈ വിധി നാളെ നിങ്ങൾക്കും വരാനിരിക്കുന്നു.
ഞാൻ, എന്റെ, എനിക്ക് എന്നിങ്ങനെയുള്ള ചിന്തകൾ വെടിഞ്ഞ് അന്യജീവനുതകുന്ന സേവനത്തിൽ ആയുഷ്കാലം മുഴുവൻ ഏർപ്പെടാൻ കഴിയണമെന്നുള്ള ഉപദേശമാണ് നിങ്ങളോട് പങ്കുവയ്ക്കാനുള്ളത്.'' പുണ്യകർമങ്ങൾകൊണ്ടു ജീവിതം അർഥപൂർണമാക്കുന്നവർ കാലത്തെ അതിജീവിക്കുന്നു. വാസ്തവത്തിൽ അവരുടെ ജീവിതം തുടങ്ങുന്നതുതന്നെ മരണശേഷമാണ്.
നന്മ ചെയ്യാത്ത ദിനം
"നിന്റെ സഹോദരന് ഒരു നന്മയെങ്കിലും ചെയ്യാത്ത ദിവസം നിനക്ക് അത്താഴം കഴിക്കാൻ അനുവാദമില്ല' എന്ന ചാവരുളിലെ ഉപദേശത്താൽ, ഓരോ ദിനവും മനുഷ്യൻ ചെയ്യുന്ന നന്മകൾ കൂട്ടിവച്ചാൽ ആത്മാവിനു വിജയസഭ ഉറപ്പെന്ന് ചാവറയച്ചൻ ചൂണ്ടിക്കാട്ടുന്നു. മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്കുതന്നെ നീ മടങ്ങുമെന്ന് ഓർത്തുകൊള്ളുക എന്ന നോന്പുകാലത്തെ ചിന്ത നശ്വരമായ ശരീരത്തെ വെടിഞ്ഞ് അനശ്വരമായ ആത്മാവിനെ ദൈവസന്നിധിയിൽ എത്തിക്കാനുള്ള ആഹ്വാനമാണ്.
(തുടരും)