ലഹരിക്കെതിരേ വിദ്യാഭ്യാസ വകുപ്പ് കൂടുതൽ പദ്ധതികൾ നടപ്പാക്കും
Friday, March 28, 2025 3:16 AM IST
തിരുവനന്തപുരം: ലഹരിക്കും മയക്കുമരുന്നിനുമെതിരേയുള്ള ബോധവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതിന്റെ ഭാഗമായി ഈ മാസം 30ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും യോഗം ചേരും.
വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ കാന്പയിൻ, പ്രത്യേകിച്ച് വിദ്യാർഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും തടയാൻ ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ നിലവിൽ നടപ്പാക്കിവരുന്നുണ്ട്. കണ്ടെത്തുക, അറിയിക്കുക, പരിഹാര മാർഗങ്ങൾ നിശ്ചയിക്കുക എന്നിങ്ങനെയുള്ള ഘടകങ്ങൾ ഉൾപ്പെടുത്തി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ തയാറാക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.
യുപി ക്ലാസുകളിലെ പാഠ പുസ്തകങ്ങളിൽ വിദ്യാർഥികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് അവരുടെ അവകാശ സംരക്ഷണത്തിന്റെ കാതലായ പരിരക്ഷ, സുരക്ഷ, പങ്കാളിത്തം എന്നീ ഘടകങ്ങൾ പരിഗണിച്ച് കർമ പദ്ധതി സ്കൂൾ തലത്തിൽ നടത്തുകയും ചെയ്തിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങളിലും ലഹരിക്കും മയക്കു മരുന്നിനും എതിരായിട്ടുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.