‘യോഗത്തിൽനിന്ന് ഒഴിവാക്കിയതിനു കാരണം വ്യക്തമാക്കണം’
Friday, March 28, 2025 3:15 AM IST
കൊച്ചി: ലഹരി വിപത്തിനെതിരേ മുഖ്യമന്ത്രി 30ന് വിളിച്ചിരിക്കുന്ന സുപ്രധാന യോഗത്തെ പിന്തുണയ്ക്കുന്നെന്നും എന്നാൽ കെസിബിസി മദ്യവിരുദ്ധ സമിതിയെ യോഗത്തിൽനിന്ന് ഒഴിവാക്കിയതെന്തിനെന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.
കാൽ നൂറ്റാണ്ടിലധികമായി സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും വിവിധ കൂട്ടായ്മകളിലും ഗ്രാമങ്ങളിലും ലഹരിക്കെതിരേ ബോധവത്കരണ, ചികിത്സ, പ്രതികരണ പരിപാടികള്‍ നടത്തിവരുന്ന പ്രസ്ഥാനങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കേണ്ടതില്ലെന്നതു സർക്കാർ നിലപാടാണോയെന്ന് വ്യക്തമാക്കണം. ഒഴുകിയെത്തുന്ന മാരക ലഹരിയുടെ ഉറവിടത്തെ തളയ്ക്കാനാകണം.
മാതാപിതാക്കളും പൊതുസമൂഹവും ലഹരിവിഷയത്തില്‍ ഭയപ്പാടോടെയാണു കഴിയുന്നത്. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾക്കുള്ള ആര്‍ജവമാണ് സർക്കാരിനു വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.