ഭവന പദ്ധതിയിൽ ചേർക്കാൻ വിട്ടുപോയവരെയും ഉൾപ്പെടുത്തണം: പ്രിയങ്ക
Friday, March 28, 2025 3:15 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്കുള്ള ഭവന പദ്ധതി ഗുണഭോക്തൃ പട്ടികയിൽ ചേർക്കാൻ വിട്ടുപോയവരെയും ഉൾപ്പെടുത്തണമെന്നു പ്രിയങ്ക ഗാന്ധി എംപി.
എൽസ്റ്റൻ എസ്റ്റേറ്റിൽ ടൗണ്‍ഷിപ്പ് ശിലാസ്ഥാപനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അവർ. ഭവന പദ്ധതി ഗുണഭോക്തൃപട്ടികയിൽ ഇടം കിട്ടിയില്ലെന്ന പരാതി ദുരന്തബാധിതർക്കിടയിൽ ഉയരുന്നുണ്ട്. ഇതിനു പരിഹാരം കാണണം. ദുരന്തബാധിതരെ ഒന്നിച്ചുനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ സുപ്രധാനമാണു ടൗണ്‍ഷിപ്പ് നിർമാണം.
ടൗണ്‍ഷിപ്പ് പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് സ്വാഗതാർഹമാണ്. കേന്ദ്ര സർക്കാർ പ്രത്യേക സാന്പത്തിക സഹായം പ്രഖ്യാപിക്കാത്തത് ദൗർഭാഗ്യകരമാണ്. കേന്ദ്ര സഹായത്തിനുള്ള യോജിച്ച സമ്മർദം തുടരണം.
പൊതുമേഖലാ ബാങ്കുകളിൽനിന്ന് എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ് ദുരന്തബാധിതർ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ശ്രദ്ധ പതിയണം.
ദുരന്ത നിവാരണ, പുനരധിവാസ പ്രവർത്തനങ്ങളിൽ മനുഷ്യത്വമുള്ള എല്ലാവരും ഒന്നിച്ചുനിൽക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ദുരന്തബാധിതർക്കായി രാഹുൽഗാന്ധി എംപി പ്രഖ്യാപിച്ച 100 വീടുകളുടെ നിർമാണത്തിനു സ്ഥലം ലഭ്യമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.