കേരളം ലോകത്തിന് മാതൃക: മന്ത്രി കെ. രാജൻ
Friday, March 28, 2025 3:15 AM IST
കൽപ്പറ്റ: ദുരന്ത പുനരധിവാസത്തിൽ കേരളം ലോകത്തിന് മാതൃകയാണെന്ന് റവന്യു ഭവന നിർമാണ മന്ത്രി കെ. രാജൻ. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ലോകം കേരളത്തെ മാതൃകയാക്കും.
ദുരന്തബാധിതരെ പലതായി പിരിക്കാതെ ഒരുമിച്ച് ജീവിക്കാൻ വീടൊരുക്കുകയാണ് ടൗണ്‍ഷിപ്പിലൂടെ. കൽപ്പറ്റ എൽസ്റ്റൻ എസ്റ്റേറ്റിൽ നടന്ന ടൗണ്‍ഷിപ്പ് ശിലാസ്ഥാപന പരിപാടിയിൽ അധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ചൂരൽമലയ്ക്ക് നഷ്ടപ്പെട്ടത് തിരികെപ്പിടിക്കാനാണ് ഒറ്റകെട്ടായ് നാം മുന്നിട്ടിറങ്ങുന്നത്. നഷ്ടപ്പെട്ട ഭൂമി, കൃഷി, സ്കൂൾ, റോഡ്, പാലം, കെട്ടിടം എന്നിവ പുനർനിർമിക്കും. ദുരന്ത പ്രദേശത്തെ ഭൂമി നഷ്ടപ്പെടുത്തില്ല. കൃഷി, മൃഗ സംരക്ഷണ മേഖലയിലെ സാധ്യതകൾ കണ്ടെത്തി നടപ്പാക്കും.
മൂന്നര കോടി ജനതയുടെ പിന്തുണയോടെയാണ് സർക്കാർ ദുരന്ത നിവാരണ പ്രവൃത്തികൾക്ക് നേതൃത്വം നൽകിയത്.
ദുരന്തത്തിൽ അപ്രതീക്ഷിതമായി തനിച്ചായവരെ സർക്കാർ ഒറ്റപ്പെടുത്തില്ലെന്നും അവസാന ദുരന്തബാധിതരെയും പുനരധിവസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.