ഓർക്കാൻ ഇഷ്ടപ്പെടാത്ത ദുരന്തം: വി.ഡി. സതീശൻ
Friday, March 28, 2025 3:15 AM IST
കൽപ്പറ്റ: ഉരുൾപൊട്ടലിനെത്തുടർന്ന് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെ പ്രദേശങ്ങളിൽ ഉണ്ടായത് ഓർക്കാൻ ഇഷ്ടപ്പെടാത്ത ദുരന്തമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ദുരന്ത നിവാരണ, പുനരധിവാസ പ്രവർത്തനങ്ങളിൽ പ്രതിപക്ഷം സർക്കാരിന് നിരുപാധിക പിന്തുണ നൽകിയതായും എൽസ്റ്റൻ എസ്റ്റേറ്റിൽ ടൗണ്‍ഷിപ്പ് തറക്കല്ലിടൽ ചടങ്ങിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
ദുരന്തബാധിതർക്കായി സർക്കാർ ആവിഷ്കരിച്ച പദ്ധതികളെ ഒരുതരത്തിലും പ്രതിപക്ഷം തടസപ്പെടുത്തിയില്ല. പ്രതിപക്ഷം നിർദേശിച്ച കമ്മ്യൂണിറ്റി ലിവിംഗ് എന്ന ആശയമാണ് ടൗണ്‍ഷിപ്പിലൂടെ യാഥാർഥ്യമാകുന്നത്. ടൗണ്‍ഷിപ്പ് നിർമാണം സമയബന്ധിതമായും കുറ്റമറ്റ രീതിയിലും പൂർത്തിയാക്കണം.
ദുരന്തബാധിത കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് സർക്കാർ ആലോചിക്കണം. താത്കാലികമായി പുനരധിവസിപ്പിച്ച കുടുംബങ്ങൾക്കുള്ള വീട്ടുവാടക സ്ഥിരം പുനരധിവാസം പൂർത്തിയാകുന്നതുവരെ തുടരണം.
ഉപജീവനത്തിന് ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങൾക്ക് ദിവസം 300 രൂപ വീതം അനുവദിച്ചത് ജീവനോപാധിയാകുന്നതുവരെ നിർത്തരുത്. ദുരന്തബാധിത കുടുംബങ്ങളെ ഋണമുക്തരാക്കണം.
ദുരന്തനിവാരണത്തിനും പുനരധിവാസത്തിനും കേന്ദ്ര സർക്കാർ വലിയ രീതിയിൽ സഹായം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ അങ്ങനെ സംഭവിച്ചില്ല. ഇത് സങ്കടകരവും പ്രതിഷേധാർഹവുമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.