എൻഎസ്എസ് മാനേജ്മെന്റ് കോടതി വിധി: പൊതു ഉത്തരവിന്റെ കാര്യത്തിൽ നിയമോപദേശം തേടി
Friday, March 28, 2025 3:15 AM IST
തിരുവനന്തപുരം: എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച് എൻഎസ്എസ് മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ച് നേടിയ കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പരിഷ്കരിക്കണമെന്ന മറ്റു മാനേജ്മെന്റുകളുടെ ആവശ്യത്തിൽ സർക്കാർ നിയമോപദേശം തേടി.
എൻഎസ്എസ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂളിലെ ജീവനക്കാരുടെ നിയമനം അംഗീകരിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് സമാന യോഗ്യതയുള്ള മറ്റ് മാനേജ്മെന്റ് സ്കൂളിലെ ജീവനക്കാർക്കു കൂടി സാധ്യമാക്കി പരിഷ്കരിക്കണമെന്ന് പൊതു അഭിപ്രായം വിവിധ മാനേജ്മെന്റുകളിൽനിന്നും ഉയർന്നിട്ടുണ്ടെന്നും ഇതേ തുടർന്നാണ് ഇക്കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഭിന്നശേഷിക്കാരുടെ നിയമനത്തിനായി നീക്കിവച്ചിരിക്കുന്ന ഒഴിവുകൾ ഒഴികെ, മറ്റുള്ളവ നിയമനം നടത്തുവാനും അത്തരം നിയമനങ്ങൾ ക്രമീകരിക്കുവാനുമാണ് സുപ്രീം കോടതി വിധി.
ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ എൻഎസ്എസ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിൽ നിയമിച്ച ജീവനക്കാരുടെ നിയമനം അംഗീകരിക്കാൻ ഉത്തരവിട്ടത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ എൻഎസ്എസ് കേസിനു സമാനമായുളള നിയമനങ്ങളും സ്ഥിരപ്പെടുത്താനുള്ള ക്രമീകരണം കൈക്കൊള്ളുന്ന രീതിയിൽ പൊതു ഉത്തരവ് ഇറക്കണമെന്നാണ് മറ്റു മാനേജ്മെന്റുകളുടെ ആവശ്യം.