കപ്പൽജീവനക്കാരെ തട്ടിക്കൊണ്ടുപോയ സംഭവം: നടപടിക്രമങ്ങൾ ഇഴയുന്നു
Friday, March 28, 2025 3:15 AM IST
ബേക്കൽ: പശ്ചിമ ആഫ്രിക്കൻ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽവച്ച് രണ്ട് മലയാളികളുൾപ്പെടെ 10 കപ്പൽ ജീവനക്കാരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നടപടിക്രമങ്ങൾ ഇഴയുന്നു.
സംഭവം നടന്ന് 12 ദിവസം പിന്നിട്ടിട്ടും പനാമയിലെ കപ്പൽ കമ്പനിയുടെയോ മുംബൈയിലെ മാരിടെക് മാനേജ്മെന്റ് ഏജൻസിയുടെയോ ഭാഗത്തുനിന്നു കൃത്യമായ വിവരങ്ങളൊന്നും ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ല.
ബന്ദിയാക്കപ്പെട്ടവർ സുരക്ഷിതരാണെന്ന് ആവർത്തിക്കുമ്പോഴും അവർ എവിടെയാണെന്ന കാര്യത്തിലും മോചനത്തിനായി എന്തെങ്കിലും ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന കാര്യത്തിലും കപ്പൽ കമ്പനി മൗനംപാലിക്കുകയാണ്.
ബന്ദിയാക്കപ്പെട്ട ബേക്കൽ പനയാൽ സ്വദേശി രജീന്ദ്രൻ ഭാർഗവന്റെ ബന്ധുക്കൾ രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖേന നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
സംഭവം നടന്ന സ്ഥലത്തിനു തൊട്ടടുത്ത രാജ്യമായ ഗാബോണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറും സംഘവും കപ്പലിലെത്തി അതിൽ അവശേഷിക്കുന്ന ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയതായും ബന്ദികളാക്കപ്പെട്ടവരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരുന്നതായുമാണ് വിദേശകാര്യമന്ത്രാലയം എംപിക്ക് നല്കിയ മറുപടി.
രജീന്ദ്രനും ലക്ഷദ്വീപ് സ്വദേശി ആസിഫ് അലിയുമടക്കം ഏഴ് ഇന്ത്യക്കാരും മൂന്നു റുമേനിയക്കാരുമാണു കടൽക്കൊള്ളക്കാരുടെ തടവിലുള്ളത്. സാവോടോം ആൻഡ് പ്രിൻസിപ്പെ എന്ന ചെറിയ രാജ്യത്തിന്റെ തീരത്തുവച്ചാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്.