ഉത്തരക്കടലാസ് പിടിച്ചുവച്ച സംഭവം: പരാതി വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് എഎച്ച്എസ്ടിഎ
Friday, March 28, 2025 3:15 AM IST
കൊച്ചി: പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷയെഴുതിയ വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസ് ക്ലാസില്‍നിന്ന് അധ്യാപകന് പിടിച്ചുവച്ചെന്ന പരാതി വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്(എഎച്ച്എസ്ടിഎ).
പരാതിക്കാരിയുടെ ഭാഗം മാത്രം കേട്ട് അധ്യാപകനെതിരേ ഏകപക്ഷീയമായി നടപടി കൈക്കൊള്ളുന്നതിനു പകരം പരാതിക്കാരിയുടെയും ക്ലാസിലെ മറ്റു വിദ്യാര്‍ഥികളുടെയും ഉത്തരക്കടലാസുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്നു വിലയിരുത്തിയശേഷം മാത്രം തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ആരുടെ ഭാഗത്താണു വീഴ്ചയെന്ന് കണ്ടെത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും എഎച്ച്എസ്ടിഎ സംസ്ഥാന പ്രസിഡന്റ് ആര്. അരുണ്‍ കുമാറും ജനറല്‍ സെക്രട്ടറി എസ്. മനോജും ആവശ്യപ്പെട്ടു.