കരുവന്നൂര്‍, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: മൂന്ന് പ്രതികള്‍ക്കു ജാമ്യം
Friday, March 28, 2025 3:15 AM IST
കൊച്ചി: കരുവന്നൂര്‍, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നു പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
കണ്ടല സഹകരണ ബാങ്ക് കേസിലെ പ്രധാന പ്രതി എന്‍. ഭാസുരാംഗന്റെ മകന് അഖില്‍ജിത്ത്, കരുവന്നൂര്‍ കേസിലെ ഒമ്പതും പത്തും പ്രതികളായ പി.പി. കിരണ്‍, പി. സതീഷ്കുമാര്‍ എന്നിവര്‍ക്കാണു ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് ജാമ്യം അനുവദിച്ചത്.
വിചാരണ ഉടന്‍ ആരംഭിക്കാന്‍ സാധ്യതയില്ലാത്ത കേസുകളില്‍ പ്രതികളെ അനിശ്ചിതകാലം തടവില്‍ പാര്‍പ്പിക്കാതെ ജാമ്യം അനുവദിക്കണമെന്ന സെന്തില്‍ ബാലാജി കേസിലെ സുപ്രീംകോടതി നിര്‍ദേശംകൂടി പരിഗണിച്ചാണ് ഉത്തരവ്.
കണ്ടല സഹകരണ ബാങ്കില്‍ ഭാസുരാംഗനുമായി ചേര്‍ന്ന് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തു നിക്ഷേപകരില്‍നിന്ന് വന്‍ തുക സ്വീകരിച്ച് തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നാണ് അഖില്ജിത്തിനെതിരായ കേസ്.
തുടര്‍ന്ന് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ നവംബറിലാണ് അറസ്റ്റിലായത്. അന്നുമുതല്‍ ജയിലിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
കണ്ടല ബാങ്കില്‍ 100 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായാണു ഇഡിയടക്കം കണ്ടെത്തിയത്.