വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടണം; സർവീസ് നിർത്തിവയ്ക്കുമെന്ന് സ്വകാര്യ ബസുടമകൾ
Friday, March 28, 2025 12:36 AM IST
പാലക്കാട്: വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്.
13 വർഷത്തോളമായി ഒരു രൂപയാണു വിദ്യാർഥികൾ മിനിമംചാർജ് നൽകിവരുന്നത്. 60 ശതമാനം വിദ്യാർഥികൾ സ്വകാര്യബസിലാണു യാത്ര ചെയ്യുന്നത്. ഈ നിരക്കിൽ ഓടാനാവില്ലെന്നും പുതിയ അധ്യയവർഷത്തിൽ നിരക്കു വർധിപ്പിക്കാത്തപക്ഷം ബസ് സർവീസ് നിർത്തിവയ്ക്കുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മൊത്തം യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.
പ്രവർത്തനച്ചെലവിലെ വർധനവും ബസ് യാത്രക്കാരുടെ എണ്ണത്തിലെ കുറവും സ്വകാര്യബസ് മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കുറഞ്ഞ നിരക്കിൽ ഗതാഗതസൗകര്യം ജനങ്ങൾക്കു നൽകുന്ന സ്വകാര്യബസുകൾ നിലനിൽക്കണമെങ്കിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ഏപ്രിൽ മൂന്നുമുതൽ ഒന്പതുവരെ കാസർഗോഡുനിന്നും തിരുവനന്തപുരത്തേക്കു ബസ് സംരക്ഷണയാത്ര സംഘടിപ്പിക്കും.
സംരക്ഷണയാത്രയ്ക്കുശേഷവും സർക്കാർനടപടി ഇല്ലാത്തപക്ഷം സ്വകാര്യ ബസ് സംഘടനകളുടെ സംയുക്തയോഗം ചേർന്നു ബസ് സർവീസ് നിർത്തിവയ്ക്കാനുള്ള തീരുമാനം എടുക്കുമെന്നു ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ, സംസ്ഥാന പ്രസിഡന്റ് മൂസ, സംസ്ഥാന ട്രഷറർ വി.എസ്. പ്രദീപ്, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. വിദ്യാധരൻ, പാലക്കാട് ജില്ലാ പ്രസിഡന്റ് എ.എസ്. ബേബി, തൃശൂർ ജില്ലാ പ്രസിഡന്റ് ബിബിൻ ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.