കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ ഗാനമേള: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കക്ഷിചേര്‍ക്കും
Friday, March 28, 2025 12:36 AM IST
കൊച്ചി: കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന ഗാനമേളയില്‍ അലോഷി ആദം വിപ്ലവഗാനം പാടിയതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കക്ഷിചേര്‍ക്കും.
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ ഹര്ജിക്കാരന് ഹാജരാക്കിയതില്നിന്നു പ്രസിഡന്റ് 19 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു വ്യക്തമായതിന്റെകൂടി പശ്ചാത്തലത്തിലാണ് കക്ഷി ചേര്‍ക്കാന്‍ ജസ്റ്റീസുമാരായ അനില്‍ കെ.നരേന്ദ്രന്, എസ്. മുരളീ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചത്.
ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ പത്തിന് അലോഷി അവതരിപ്പിച്ച ഗാനമേളയ്ക്കിടെയാണു വിപ്ലവഗാനം പാടിയത്. സ്റ്റേജിന്റെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്ഐയുടെ പതാകയും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതു ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റുകൂടിയായ അഡ്വ. വിഷ്ണു സുനില്‍ പന്തളമാണ് കോടതിയെ സമീപിച്ചത്.
പരിപാടി നടക്കുമ്പോള്‍ ആന ക്ഷേത്രപരിസരത്തുണ്ടായിരുന്നോയെന്ന് കോടതി ആരാഞ്ഞു. വലിയ തുക മുടക്കി വെളിച്ച- ശബ്ദ സംവിധാനങ്ങളോടെ സ്റ്റേജ് അലങ്കരിച്ച നടപടിയെ കോടതി വീണ്ടും വിമര്‍ശിച്ചു.
എങ്ങനെയാണ് ഇത്തരത്തില്‍ ലൈറ്റും ശബ്ദവും അനുവദിക്കാന്‍ കഴിയുന്നതെന്നും ഇതൊന്നും ക്ഷേത്രോത്സവത്തില്‍ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണെങ്കിലും ആവര്‍ത്തിക്കുന്നു. ക്ഷേത്രോപദേശക സമിതിയെ തെരഞ്ഞെടുത്തത് എന്നാണെന്നും ഈ സമിതിയല്ലാതെ മറ്റു കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു.