മനുഷ്യജീവൻ രക്ഷിക്കാൻ കഴിയാത്തവർ അധികാരത്തിൽ തുടരരുത്: ഉണ്ണിയാടൻ
Friday, March 28, 2025 12:36 AM IST
ചാലക്കുടി: മനുഷ്യജീവൻ സംരക്ഷിക്കാൻ കഴിയാത്തവർ അധികാരത്തിൽ തുടരുന്നത് അധാർമികമാണെന്നു കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ. കേരള കർഷക യൂണിയൻ സംസ്ഥാനതല കർഷകസമരസംഗമം ചാലക്കുടി ഡിഎഫ്ഒ ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2016നുശേഷം വന്യജീവി ആക്രമണങ്ങളിൽ 1200ൽപ്പരം മനുഷ്യജീവൻ നഷ്ടപ്പെട്ടിട്ടും ഒന്പതിനായിരത്തോളം പേർക്കു ഗുരുതരപരിക്കുകളുണ്ടായിട്ടും 55,000 വന്യമൃഗ ആക്രമണങ്ങൾ സംഭവിച്ചിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിസംഗത പാലിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിനു പ്രവർത്തകർ സമരത്തിൽ പങ്കാളികളായി. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട കർഷകരക്തസാക്ഷികൾക്ക് ആദരാഞ്ജലികളർപ്പിച്ചുകൊണ്ടാണ് പ്രതിഷേധസമരം ആരംഭിച്ചത്.
കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ അധ്യക്ഷനായിരുന്നു. സനീഷ് കുമാർ ജോസഫ് എംഎൽഎ, സംസ്ഥാന നേതാക്കളായ എം.പി. പോളി, സി.വി. കുര്യാക്കോസ്, ജോസ് ജയിംസ് നിലപ്പന, ജോൺസൺ കാഞ്ഞിരത്തിങ്കൽ, ജോയ് ഗോപുരൻ, മിനി മോഹൻദാസ്, സി.ടി. പോൾ, എം.വി. ജോൺ, ടി.എ. പ്ലാസിഡ്, വിൽസൻ മേച്ചേരി, മനോജ് കുന്നേൽ, ജോഷി പുതുശേരി എന്നിവർ പ്രസംഗിച്ചു.
കർഷക യൂണിയൻ സംസ്ഥാനഭാരവാഹികളായ ഗണേഷ് പുലിയൂർ, സണ്ണി തെങ്ങുംപള്ളി, ബിനു ജോൺ, ആന്റച്ചൻ വെച്ചൂച്ചിറ, എ.ടി. പൗലോസ്, വിനോദ് ജോൺ, സോജൻ ജോർജ്, ജോണി പുളിന്തടം, ആന്റണി കുര്യാക്കോസ്, ജോസ് വഞ്ചിപ്പുര, ബേബിച്ചൻ കൊച്ചുകരൂർ, ഇട്ട്യച്ചൻ തരകൻ, പ്രസാദ് പുലിക്കോട്ടിൽ, സജി റാഫേൽ തുടങ്ങിയവർ നേതൃത്വം നൽകി.