സ്പീക്കറുടെ വിമർശനത്തിന് ജലീലിന്റെ മറുപടി; “പ്രസംഗം നീണ്ടുപോയത് ക്രിമിനൽ കുറ്റമായി തോന്നിയെങ്കിൽ സഹതപിച്ചോളൂ ’’
Friday, March 28, 2025 12:36 AM IST
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ലിൻമേലുള്ള ചർച്ചയിൽ സ്പീക്കർ എ.എൻ ഷംസീർ പലവട്ടം ആവശ്യപ്പെട്ടിട്ടും പ്രസംഗം നിർത്താതിരുന്ന കെ.ടി ജലീലിനെ ശാസിച്ച നടപടിയിൽ പരോക്ഷ പ്രതികരണവുമായി ജലീൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പരോക്ഷ വിമർശനം.
ഫേസ്ബുക്കിൽ നിയമസഭാ പ്രസംഗം പങ്കുവച്ചുകൊണ്ടാണ് പ്രതികരണം നടത്തിയിരിക്കുന്നത്. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ: സ്വകാര്യ സർവകലാശാല ബില്ലിൽ പങ്കെടുത്തുകൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയിൽ ചെയ്ത പ്രസംഗമാണ് താഴെ.
ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പറഞ്ഞുവന്നപ്പോൾ സമയം അല്പം നീണ്ടുപോയി. അതൊരു ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളു. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടർച്ചയായി നാലാംതവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അല്പം ഉശിരു കൂടും.
അത് പക്ഷേ മക്കയിൽ ഈന്തപ്പവം വില്‍ക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല എന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റ് കുറിപ്പിൽ ജലീലിനെ അനുകൂലിച്ചും എതിർത്തും നിരവധി കമന്റുകൾ വന്നു.