ഗുരുവായൂർ ദേവസ്വം ക്ഷേത്രങ്ങൾക്കുള്ള ധനസഹായം പത്തു കോടിയാക്കി
Friday, March 28, 2025 12:36 AM IST
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഇതരക്ഷേത്രങ്ങളുടെ ജീർണോദ്ധാരണത്തിനു നൽകിവരുന്ന ക്ഷേത്ര ധനസഹായത്തുക പത്തുകോടിയായി ഉയർത്തി. ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തോടെ ജീർണാവസ്ഥയിലുള്ള കൂടുതൽ പൊതുക്ഷേത്രങ്ങൾക്കു പുനരുദ്ധാരണത്തിനായി സഹായം ലഭ്യമാകും.
2025 വർഷത്തെ ധനസഹായവിതരണത്തിന്റെ ആദ്യഘട്ടം തെക്കൻമേഖലയിലെ ക്ഷേത്രങ്ങൾക്കാണ്. ഞായറാഴ്ച രാവിലെ 10 ന് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രാങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അധ്യക്ഷത വഹിക്കും. എംപിമാരായ ജോസ് കെ. മാണി, കെ. ഫ്രാൻസിസ് ജോർജ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവർ വിശിഷ്ടാതിഥികളാകും. ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് മുഖ്യാതിഥിയായി പങ്കെടുക്കും.