തൊഴിൽ വകുപ്പിന്റെ സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു
Friday, March 28, 2025 12:36 AM IST
തിരുവനന്തപുരം: തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ മികച്ച സ്ഥാപനങ്ങൾക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു.
മികച്ച തൊഴിൽ ദാതാവ്, സംതൃപ്തരായ തൊഴിലാളികൾ, മികവുറ്റ തൊഴിൽ അന്തരീക്ഷം, തൊഴിൽ നൈപുണ്യ വികസന പങ്കാളിത്തം, തുടങ്ങി വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് വിജയികളെ കണ്ടെത്തിയതെന്നു തൊഴിൽ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
ഓട്ടോമൊബൈൽ, നിർമാണം, സാന്പത്തികം, ആശുപത്രി, ഹോട്ടൽ ആൻഡ് റസ്റ്ററന്റ്, ഇൻഷ്വറൻസ്, ഐടി, ജ്വല്ലറി, സെക്യൂരിറ്റി സ്ഥാപനങ്ങൾ, മെഡിക്കൽ ലാബ്, സ്റ്റാർ ഹോട്ടൽ ആൻഡ് റിസോർട്ട് , സൂപ്പർ മാർക്കറ്റുകൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ എന്നിങ്ങനെ 13 മേഖലകളിലെ മികച്ച സ്ഥാപനങ്ങൾക്കാണ് ഇത്തവണ മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് ലഭിച്ചത്. ആകെ 2472 അപേക്ഷകളാണ് ലഭിച്ചത്.
നിർമാണ മേഖലയിൽ തിരുവനന്തപുരം ടാറ്റ പ്രോജക്ട് ലിമിറ്റഡ് അവാർഡിന് അർഹരായി. കോഴിക്കോട് അർഥ ഫിനാൻഷൽ സർവീസസ്-ധനകാര്യ മേഖല, കിംസ് ഹെൽത്ത് കെയർ മാനേജ്മെന്റ് ലിമിറ്റഡ്, തിരുവനന്തപുരം-ഹോസ്പിറ്റൽ മേഖല എന്നിവയിൽ അവാർഡ് നേടി.
ഹോട്ടൽ അബാദ്, എറണാകുളം, സ്റ്റാർ ഹെൽത്ത് ആൻഡ് അലെഡ് ഇൻഷ്വറൻസ് കന്പനി ലിമിറ്റഡ് തിരുവനന്തപുരം, എസ്ബി സോൾ ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം, ആലൂക്കാസ് ജ്വല്ലറി കോഴിക്കോട് , ഡോക്ടർ ഗിരിജാസ് ഡയഗ്നോസ്റ്റിക് ലാബ് ആൻഡ് സ്കാൻസ് ലിമിറ്റഡ് തിരുവനന്തപുരം, കേരള എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ എറണാകുളം, ക്രൗണ് പ്ലാസ എറണാകുളം, ആഷിസ് സൂപ്പർ മെർകാട്ടോ എറണാകുളം, ഇടപ്പറന്പിൽ ടെക്സ്റ്റയിൽസ് കോട്ടയം എന്നീ സ്ഥാപനങ്ങളാണ് വിവിധ കാറ്റഗറിയിൽ അവാർഡ് നേട്ടത്തിന് അർഹരായത്.
വിജയികൾക്കുള്ള പുരസ്കാരങ്ങൾ ഈ മാസം 29ന് രാവിലെ 11ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്യും .