പി.ജി. ദീപക് വധം; വിചാരണക്കോടതി വെറുതെ വിട്ട പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി
Friday, March 28, 2025 12:36 AM IST
കൊച്ചി: ജനതാദള്‍-യു നേതാവ് തൃശൂര്‍ നാട്ടിക പി.ജി. ദീപക്കിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട അഞ്ച് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്നു ഹൈക്കോടതി.
ഇവര്‍ക്കെതിരേ ചുമത്തിയ കൊലക്കുറ്റമടക്കം നിലനില്ക്കും. ജയിലിലടയ്ക്കാനും ശിക്ഷ വിധിക്കാനുമായി പ്രതികളെ അഞ്ചുപേരെയും ഉടന്‍ അറസ്റ്റ്ചെയ്ത് ഏപ്രില്‍ എട്ടിന് രാവിലെ 10.15ന് ഹൈക്കോടതിയില്‍ ഹാജരാക്കാനും ജസ്റ്റീസുമാരായ പി.ബി. സുരേഷ് കുമാര്‍, ജേബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ പെരിങ്ങോട്ടുകര മരോട്ടിക്കല്‍ എം.എസ്. ഋഷികേശ്, പടിയം കൂട്ടാല വീട്ടില്‍ കെ.യു. നിജില്‍ (കുഞ്ഞാപ്പു), തെക്കേക്കര ദേശത്ത് കൊച്ചാത്ത് കെ.പി. പ്രശാന്ത് (കൊച്ചു), പൂക്കോട് പ്ലാക്കില്‍ രശാന്ത്, താന്ന്യം വാലപറമ്പില്‍ വി.പി. ബ്രഷ്നേവ് എന്നിവരെയാണ് കുറ്റവാളികളായി കണ്ടെത്തിയിരിക്കുന്നത്. ജനതാദള്‍-യു നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റായിരിക്കെ 2015 മാര്‍ച്ച് 25ന് രാത്രിയാണ് റേഷന്‍കട ഉടമകൂടിയായ ദീപക് തൃശൂര്‍ പഴുവില്‍ കൊല്ലപ്പെട്ടത്.
കടയടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിലെത്തിയ പ്രതികള്‍ കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ചവരെയും ആക്രമിച്ചു. ബിജെപി പ്രവര്‍ത്തകനായിരുന്ന ദീപക് പാര്‍ട്ടി വിട്ടു ജനതാദളില്‍ ചേര്‍ന്നതിലെ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. കേസില്‍ പ്രതികളായിരുന്ന പത്തു പേരെയും തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു.
മുഖംമൂടി ധരിച്ച് നടത്തിയ ആക്രമണമായിരുന്നതിനാല്‍ യഥാര്‍ഥ പ്രതികള്‍ ആരെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നായിരുന്നു വിചാരണക്കോടതിയുടെ വിലയിരുത്തല്‍. സര്‍ക്കാരും ദീപക്കിന്റെ ഭാര്യ വര്‍ഷയും നല്കിയ അപ്പീല്‍ ഹര്‍ജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
തെളിവുകള്‍ ശരിയായി പരിശോധിക്കാതെയും അനാവശ്യ കാര്യങ്ങള്‍ വിലയിരുത്തിയുമാണ് വിചാരണക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയതെന്ന് ഡിവിഷന് ബെഞ്ച് വിലയിരുത്തി.
ആക്രമണത്തില്‍ നേരിട്ടു പങ്കാളിയായത് നാലുപേരായിരുന്നു.
അഞ്ചാം പ്രതിയായിരുന്നു വാഹനം ഓടിച്ചത്. ആറുമുതല്‍ പത്തു വരെയുള്ള പ്രതികള്‍ക്കെതിരേ ആക്രമണത്തിനു പ്രേരിപ്പിച്ചു, തെളിവ് നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരുന്നത്. ഇവരെ കുറ്റവിമുക്തരാക്കിയത് ഡിവിഷൻ ബെഞ്ചും ശരിവച്ചു.