മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ അയൽവാസികൾ തലയ്ക്കടിച്ചുകൊന്നു
Friday, March 28, 2025 12:36 AM IST
മുണ്ടൂർ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ അയൽവാസികൾ തലയ്ക്കടിച്ചു കൊന്നു. മുണ്ടൂർ നൊച്ചിപ്പുള്ളി കുമ്മംകോട് മണികണ്ഠൻ(56) ആണു കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ രണ്ടുപേരെ പോലീസ് പിടികൂടി. കുമ്മംകോട് വിനോദ് (45), സഹോദരൻ ബിനീഷ് (38) എന്നിവരാണു പിടിയിലായത്. വ്യാഴാഴ്ച രാവിലെയാണ് പരിസരവാസികൾ സംഭവമറിഞ്ഞത്. ഉടൻ കോങ്ങാട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
അയൽക്കാരായ വിനോദും ബിനീഷും മദ്യപിക്കാനായി മണികണ്ഠനെ പലപ്പോഴും വീട്ടിലേക്കു ക്ഷണിക്കാറുണ്ട്. ബുധനാഴ്ച രാത്രിയിലും ഇവർ മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നാട്ടുകാർ ചേർന്നാണ് അയൽവാസിയായ വിനോദിനെ പിടികൂടി പോലീസിനെ ഏല്പിച്ചത്. മണികണ്ഠൻ കൂലിപ്പണിക്കാരനാണ്. ഭാര്യ പിണങ്ങിപ്പോയശേഷം മാസങ്ങളായി ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. പരേതരായ അപ്പു-ലക്ഷ്മി ദന്പതികളുടെ മകനാണ് മണികണ്ഠൻ. ഭാര്യ: ലീല.