ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റം; നടപടിക്രമങ്ങൾ ലഘൂകരിച്ചു
Friday, March 28, 2025 12:36 AM IST
തിരുവനന്തപുരം: ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റം എളുപ്പത്തിലാക്കാൻ നടപടിക്രമങ്ങൾ ലഘൂകരിച്ച് സർക്കാർ. കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്തവർക്ക് ഗസറ്റ് വിജ്ഞാപനം വഴി പേരു മാറ്റം വരുത്തിയ ശേഷം ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം വരുത്താനാകും. വർഷങ്ങളായി നിലനിന്ന സങ്കീർണതയ്ക്കാണ് ഇതുവഴി പരിഹാരം കണ്ടതെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
തീരുമാനത്തിന് അനുസൃതമായ മാറ്റം ഉടൻ കെ സ്മാർട്ടിൽ വരുത്തും. ജനന- മരണ- വിവാഹ രജിസ്ട്രേഷനുകളിൽ വിപ്ലവകരമായ പരിഷ്കരണങ്ങളാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സർക്കാർ നടപ്പാക്കിയത്. കൊല്ലം ഇളന്പള്ളൂർ വഞ്ചിമുക്ക് ലക്ഷ്മിസദനത്തിൽ കണ്ണൻ ബി. ദിവാകരൻ നവകേരള സദസിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് തീരുമാനം.
നിലവിൽ പൊതു വിദ്യാഭ്യാസം ലഭിച്ച കേരളത്തിലെ കുട്ടികൾക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിലും സ്കൂൾ രേഖകളിലും പേരിൽ മാറ്റം വരുത്താനും തുടർന്ന് ഈ സ്കൂൾ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം ജനന സർട്ടിഫിക്കറ്റ് തിരുത്താനുമാണ് അവസരമുണ്ടായിരുന്നത്.
ഇതു പല സങ്കീർണതകൾക്കും വഴിവച്ചിരുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ പഠിച്ചവർക്കും രാജ്യത്തിനു പുറത്ത് പഠനം നടത്തിയവർക്കും ഗസറ്റ് വിജ്ഞാപനം വഴി പേരു തിരുത്തിയാലും അതുവച്ചു സ്കൂൾ രേഖകളിൽ മാറ്റം വരുത്താനാകാത്തതിനാൽ ജനന സർട്ടിഫിക്കറ്റിൽ പേര് തിരുത്താൻ കഴിയുമായിരുന്നില്ല.
സ്കൂൾ രേഖകളിൽ തിരുത്തൽ വരുത്താൻ തിരുത്തിയ ജനനസർട്ടിഫിക്കറ്റും ജനന സർട്ടിഫിക്കറ്റിൽ തിരുത്താൻ തിരുത്തിയ സ്കൂൾ സർട്ടിഫിക്കറ്റം വേണമെന്നായിരുന്നു സ്ഥിതി.പൊതുവിദ്യാലയങ്ങളിൽ പഠിച്ചവർക്കും ഈ വ്യവസ്ഥകൾ കാലതാമസത്തിന് ഇടയാക്കി. ഈ വ്യവസ്ഥയാണ് തദ്ദേശ വകുപ്പ് ലഘൂകരിച്ചത്.