പി.കെ. ശ്രീമതിക്കെതിരായ പരാമര്‍ശം: ബി. ഗോപാലകൃഷ്ണന് മാപ്പ് പറഞ്ഞു
Friday, March 28, 2025 12:36 AM IST
കൊച്ചി: സിപിഎം നേതാവ് പി.കെ. ശ്രീമതിക്കും കുടുംബത്തിനുമെതിരേ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് പരസ്യമായി മാപ്പ് പറഞ്ഞു.
ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ, അവരുടെ മകനും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേര്‍ന്ന് മരുന്നുകമ്പനി നടത്തിയെന്നും ഈ കമ്പനിക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് വിതരണം ചെയ്യാനുള്ള കരാര്‍ നല്‍കിയെന്നും ഗോപാലകൃഷ്ണന് ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ 2018 ജനുവരി 25 ന് ശ്രീമതി കേസ് ഫയല്‍ ചെയ്തു. ഈ കേസിലാണ് ശ്രീമതിയോട് നേരിട്ടു മാപ്പ് പറഞ്ഞത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗോപാലകൃഷ്ണന് ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നെങ്കിലും ഇരുവരും മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു. തുടര്‍ന്ന് കേസില്‍ ഹൈക്കോടതിയില്‍ ഹാജരായതിനുശേഷമായിരുന്നു ഗോപാലകൃഷ്ണന്റെ ഖേദപ്രകടനം.
ശ്രീമതിയുമായുണ്ടായിരുന്ന പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്തെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു.ശ്രീമതിയുടെ മകനെതിരേ സംസാരിച്ചതു പി.ടി. തോമസ് സംസാരിച്ചതുകൊണ്ടാണെന്നും അതിനു കൃത്യമായി തെളിവില്ലെന്ന് പിന്നീട് മനസിലായെന്നും അതിനാലാണു ഖേദം പ്രകടിപ്പിച്ചതെന്നും ഗോപാലകൃഷ്ണന് അറിയിച്ചു.
വസ്തുതകള്‍ മനസിലാക്കാതെ വ്യക്തിപരമായി ചാനല്‍ ചര്‍ച്ചകളില്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ ഭൂഷണമല്ലെന്ന് ശ്രീമതി പറഞ്ഞു.