മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി ഇന്ന്
Friday, March 28, 2025 12:36 AM IST
കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും.
മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കന്പനിയായ സിഎംആര്‍എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ആവശ്യം.മൂവാറ്റുപുഴ, തിരുവനന്തപുരം വിജിലന്‍സ് കോടതികള്‍ അന്വേഷണ ആവശ്യം തള്ളിയിരുന്നു.
ഇതിനെതിരേ മാത്യു കുഴല്നാടന് എംഎല്‍എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികളിലാണു ജസ്റ്റീസ് കെ. ബാബു വിധി പറയുന്നത്. ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെയും യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരെയും എതിര്‍കക്ഷികളാക്കിയാണു ഹര്‍ജികള്‍.
മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കന്പനി സിഎംആര്‍എല്ലില്‍നിന്നു മാസപ്പടി വാങ്ങിയതെന്നും ഇതു വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നുമാണ് വാദം.