മൂന്നു ശതമാനം സംവരണം പ്രഫഷണല്‍ പിജി കോഴ്സുകളിലും ബാധകമാക്കണമെന്നു ഹര്‍ജി
Friday, March 28, 2025 12:36 AM IST
കൊച്ചി: വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ആംഗ്ലോ ഇന്ത്യന്‍ ലത്തീന്‍ കത്തോലിക്കാ സംവരണം മൂന്നു ശതമാനമാക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രഫഷണല്‍ പിജി കോഴ്സുകളിലും ബാധകമാക്കണമെന്നാവശ്യപ്പെട്ടു ഹര്‍ജി.
ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പരിഗണിക്കണമെന്ന കോടതിയുടെ നേരത്തേയുള്ള നിര്‍ദേശം നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫോര്‍ട്ട്കൊച്ചി സ്വദേശി ആന്റണി നില്‍ട്ടന്‍ റെമല്ലോയാണു ഹര്‍ജി നല്‍കിയത്.
പ്രഫഷണല്‍ കോളജുകളിലും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും സംവരണ ശതമാനം ഉയര്‍ത്തി 2014ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പ്രഫഷണല്‍ പിജി കോഴ്സുകളിലെ സംവരണം ഉയര്‍ത്തുന്നത് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നീട്ടുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി.
ഇക്കാര്യത്തില്‍ സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് തീരുമാനമെടുക്കണമെന്നാണ് ആവശ്യം. ഹർജി ഫയലില്‍ സ്വീകരിച്ച ജസ്റ്റീസ് സി.എസ്. ഡയസ് സര്‍ക്കാരിനോട് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.