സംസ്ഥാനത്ത് ട്രേഡിംഗ് തട്ടിപ്പ് വ്യാപകം; പിന്നിൽ ഹവാല റാക്കറ്റ്!
Friday, March 28, 2025 12:36 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: സംസ്ഥാനത്ത് ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകൾ വ്യാപകമാകുന്നു. കേരള പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതിനു പിന്നിൽ ഹവാല റാക്കറ്റുകൾ പ്രവർത്തിക്കുന്നതായി സൂചനകൾ ലഭിച്ചു. ഹവാല റാക്കറ്റുകളും തട്ടിപ്പുകാരും തമ്മിലുള്ള ബന്ധത്തിന്റെ വ്യക്തമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുമുണ്ട്.
വിദേശത്തുനിന്ന് പണം സ്വീകരിച്ച ചില ഹവാല റാക്കറ്റുകൾ ഇന്ത്യൻ അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ തട്ടിപ്പുകാരുടെ സഹായം തേടിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. പകരം ഹവാല റാക്കറ്റുകൾ ക്രിപ്റ്റോ കറൻസിയിലാണ് പണം ഇവർക്ക് നൽകിയത്.
സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച് കണ്ടെത്താൻ സമയം എടുക്കുമെന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തട്ടിപ്പുകാർ വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കുകൾ ഉപയോഗിക്കുന്നതിനാൽ അന്വേഷണം വെല്ലുവിളികൾ നിറഞ്ഞതാണ്. വടക്കൻ സംസ്ഥാനങ്ങൾ ആസ്ഥാനമായാണ് തട്ടിപ്പ് സംഘങ്ങൾ കൂടുതലായും പ്രവർത്തിക്കുന്നത്.
പ്രതികളെ തിരിച്ചറിഞ്ഞാലും അറസ്റ്റ് അടക്കമുള്ളവ നടത്താൻ പോലീസ് ഏറെ ബുദ്ധിമുട്ടുന്നുമുണ്ട്. കേരളത്തിൽ നിന്ന് സൈബർ തട്ടിപ്പുകാർ കഴിഞ്ഞ വർഷം കബളിപ്പിച്ച് എടുത്തത് 763 കോടി രൂപയാണ്. 2022-24 കാലയളവിൽ ഇവർ സംസ്ഥാനത്തുനിന്ന് തട്ടിയെടുത്തത് 1,021 കോടി രൂപ.
കേരള പോലീസിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം സംസ്ഥാനത്ത് പ്രതിദിനം ശരാശരി 85 ലക്ഷം രൂപയുടെ തട്ടിപ്പ് നടക്കുന്നുണ്ട്. പരാതികൾ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണിത്.
2022ൽ സംസ്ഥാനത്ത് 48 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. 2023ൽ 210 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ട്രേഡിംഗ് തട്ടിപ്പുകളിലാണ് ഏറ്റവും കൂടുതൽ പേർ കബളിപ്പിക്കപ്പെട്ടത്. നേരത്തേ തൊഴിൽ തട്ടിപ്പ്, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, ഗെയിമിംഗ് തട്ടിപ്പുകൾ എന്നിവയാണ് കൂടുതലായി നടന്നിരുന്നത്.
ഇപ്പോഴാണ് ട്രേഡിംഗ് തട്ടിപ്പുകൾ വ്യാപകമായിട്ടുള്ളത്. ഇത്തരം തട്ടിപ്പുകൾക്ക് ഇരകളാകുന്നവരിൽ നല്ലൊരു പങ്കും ജോലി ചെയ്യുന്നവരും വിരമിച്ച പ്രഫഷണലുകൾ അടക്കമുള്ള ഉയർന്ന വരുമാനമുള്ള ഗ്രൂപ്പിൽ നിന്നുള്ളവരുമാണ്.
സമ്പന്ന വിഭാഗങ്ങളിൽനിന്നുള്ളവരാണ് വ്യാപാര തട്ടിപ്പുകൾക്ക് ഇരയാകുന്നത്. ഇവരിൽ പലരും സത്യസന്ധമായാണ് സ്ഥാപനങ്ങൾ നടത്തുന്നത്. പിന്നീട് ഇവർ അറിഞ്ഞോ അറിയാതെയോ ഫണ്ടിന്റെ ഒരു ഭാഗം വ്യാജ ട്രേഡിംഗ് ആപ്പുകളിലേക്ക് മാറ്റുന്നു. ഇതോടെയാണ് ഇവർ തട്ടിപ്പിന്റെ ഇരകളായി മാറുന്നത്.