സ്വര്‍ണമടങ്ങിയ മണ്ണ് നല്‍കാമെന്നു വിശ്വസിപ്പിച്ച് 50 ലക്ഷം തട്ടി
Friday, March 28, 2025 12:36 AM IST
കൊച്ചി: സ്വര്‍ണമടങ്ങിയ മണ്ണ് നല്‍കാമെന്നു വിശ്വസിപ്പിച്ച് 50 ലക്ഷം രൂപ തട്ടിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഗുജറാത്ത് സൂറത്ത് സ്വദേശികളായ സന്ദീപ് (37), വിപുള്‍ (43), ധര്‍മേഷ് (38), കൃപേഷ് (34) എന്നിവരെയാണ് പാലാരിവട്ടം എസ്ഐ ഒ.എസ്. ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
തമിഴ്നാട് നാമക്കല്‍ സ്വദേശി ഇളങ്കോവന് ഗോവിന്ദസ്വാമിയാണ് തട്ടിപ്പിനിരയായത്. സ്വര്‍ണമടങ്ങിയ മണ്ണ് കിലോയ്ക്ക് 1,600 രൂപ നിരക്കില്‍ നല്‍കാമെന്ന് തട്ടിപ്പുസംഘം വിശ്വസിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പരാതിക്കാരനും പാര്‍ട്ണര്‍ക്കും സ്വര്‍ണമടങ്ങിയ അഞ്ചു കിലോഗ്രാം വീതമുള്ള മണ്ണ് സാമ്പിളായി നല്കി വിശ്വസിപ്പിച്ചു. തുടര്‍ന്ന് 80 ലക്ഷം രൂപയുടെ സ്വര്‍ണമടങ്ങിയ മണ്ണ് നല്കാന് തയാറാണെന്നു പറഞ്ഞ് പരാതിക്കാരനെക്കൊണ്ട് സമ്മതിപ്പിച്ചു.
കഴിഞ്ഞ 19ന് പാലാരിവട്ടം നോര്‍ത്ത് ജനത റോഡിലുള്ള പ്രതികളുടെ ഓഫീസില്‍ വച്ച് പരാതിക്കാരന് പ്രതികള്‍ക്ക് 50 ലക്ഷം രൂപയും രണ്ട് ബ്ലാങ്ക് ചെക്കുകളും നല്കി. തുടര്‍ന്ന് മണ്ണ് നല്‍കിയെങ്കിലും അതില്‍ സ്വര്‍ണത്തിന്റെ അംശം പോലും ഉണ്ടായിരുന്നില്ല.
തട്ടിപ്പ് മനസിലായ ഇളങ്കോവന് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരേ നാമക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ സമാനരീതിയില്‍ 56 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.