ആശ്രിതനിയമനത്തിന് ഏകീകൃതപട്ടിക
Thursday, March 27, 2025 2:49 AM IST
തിരുവനന്തപുരം: സംസ്ഥാന സർവീസിലിരിക്കേ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതനിയമനത്തിന് ഏകീകൃത പട്ടിക പൊതുഭരണ വകുപ്പ് തയാറാക്കും.
പൊതുഭരണ (സർവീസസ്-ഡി) വകുപ്പ് തയാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാകും ആശ്രിത നിയമനത്തിനായി ഒഴിവുകൾ അനുവദിച്ചു നൽകുന്നത്. ആശ്രിത നിയമനം വേഗത്തിലാക്കാൻ വ്യവസ്ഥകൾ പരിഷ്കരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വിവിധ വകുപ്പുകളിൽനിന്ന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പൊതുഭരണ (സർവീസസ്-ഡി) വകുപ്പിൽ സീനിയോറിറ്റി ലിസ്റ്റ് അപ്ഡേറ്റ് ചെയ്യും. ഏകീകൃത സോഫ്റ്റ്വേറിൽ അപേക്ഷിക്കാവുന്ന തസ്തികകളുടെ യോഗ്യത, ലഭ്യമായ ഒഴിവുകൾ എന്നിവ പ്രസിദ്ധീകരിക്കും.
ഓരോ തസ്തികയ്ക്കും പ്രത്യേക സീനിയോറിറ്റി ലിസ്റ്റ് തയാറാക്കും. ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് ഓപ്ഷൻ നൽകിയിട്ടുണ്ടെങ്കിൽ ഓപ്റ്റഡ് തസ്തികകളുടെ എല്ലാ സീനിയോറിറ്റി ലിസ്റ്റുകളിലും അപേക്ഷകരെ ഉൾപ്പെടുത്തും.
ഒരു സീനിയോറിറ്റി ലിസ്റ്റിൽനിന്നു ജോലി ലഭിച്ചുകഴിഞ്ഞ അപേക്ഷകരെ മറ്റ് ലിസ്റ്റുകളിൽനിന്ന് ഒഴിവാക്കാനും തീരുമാനിച്ചു. മരണ മടഞ്ഞ ജീവനക്കാരൻ ജോലി ചെയ്തിരുന്ന വകുപ്പിലായിരുന്നു നിലവിൽ ആശ്രിതനിയമനത്തിന് പട്ടിക തയാറാക്കിയിരുന്നത്.
ചില വകുപ്പുകളിൽ അപേക്ഷകരുടെ എണ്ണം കൂടുതലും ഒഴിവു കുറവുമായ സാഹചര്യത്തിൽ ജോലി ലഭിക്കാൻ ഏറെ പ്രയാസമായിരുന്നു. ഇത് ഒഴിവാക്കാനാണു പുതിയ നടപടിക്രമം. മരണമടഞ്ഞ ജീവനക്കാരന്റെ കുടുംബവാർഷിക വരുമാനം എട്ട് ലക്ഷം രൂപ എന്ന പരിധി തുടരാനും തീരുമാനിച്ചു.
ജീവനക്കാരൻ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെതന്നെ നിയമനം നൽകും. ഇൻവാലിഡ് പെൻഷണറായ ജീവനക്കാർ മരണമടഞ്ഞാൽ അവരുടെ ആശ്രിതർക്ക് പദ്ധതി വഴിയുള്ള നിയമനത്തിന് അർഹതയുണ്ടായിരിക്കില്ല.