സൈബർ ക്രൈസിസ് മാനേജ്മെന്റ് പ്ലാൻ മന്ത്രിസഭ അംഗീകരിച്ചു
Thursday, March 27, 2025 2:49 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട സമഗ്ര മാർഗരേഖയായ "കേരള സെക്ടറൽ സൈബർ ക്രൈസിസ് മാനേജ്മെന്റ് പ്ലാൻ’ മന്ത്രിസഭ അംഗീകരിച്ചു. മാർഗരേഖയുടെ ഭാഗമായി ചീഫ് സെക്രട്ടറി അധ്യക്ഷയായി ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപവത്കരിക്കും.
സൈബർ പ്രതിസന്ധി കാര്യക്ഷമമായി നേരിടുന്നതിനും ദ്രുതഗതിയിൽ പ്രതികരിക്കുന്നതിനും കരകയറുന്നതിനുമുള്ള ഏകോപനത്തിനായി സമഗ്രമായ അടിത്തറ സൈബർ ക്രൈസിസ് മാനേജ്മെന്റ് പ്ലാൻ മുഖേന നടപ്പാക്കും.
സൈബർ പ്രതിസന്ധികളുടെ തീവ്രത, പോളിസി, സൈബർ പ്രതിസന്ധി ഉണ്ടായാൽ സർക്കാർ സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന ആഘാതം, സർക്കാർ വകുപ്പുകളുടെ ഉത്തരവാദിത്വങ്ങൾ, സൈബർ ആക്രമണങ്ങളുണ്ടായാൽ സ്റ്റേക്ക്ഹോൾഡേഴ്സ് തമ്മിലുള്ള പ്രവർത്തനങ്ങളും ഏകോപനവും തുടങ്ങിയവ സെക്ടറൽ സൈബർ ക്രൈസിസ് മാനേജ്മെന്റ് പ്ലാനിൽ പ്രതിപാദിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളിലും ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറെ നിയമിച്ചിട്ടുണ്ട്.