ക്ഷേമപെൻഷൻ തട്ടിപ്പ്: ജീവനക്കാരുടെ സസ്പെൻഷനുകൾ റദ്ദാക്കിത്തുടങ്ങി
Thursday, March 27, 2025 2:49 AM IST
തിരുവനന്തപുരം: അനർഹമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കുന്ന നടപടി തുടങ്ങി. റവന്യു സർവേ ഭൂരേഖ വകുപ്പുകളിൽ സസ്പെൻഷനിലായ 38 ജീവനക്കാരിൽ 16 പേരുടെ സസ്പെൻഷൻ പിൻവലിച്ചു.
ക്ഷേമപെൻഷൻ ഇനത്തിൽ അനർഹമായി കൈപ്പറ്റിയ തുകയും 18 ശതമാനം പലിശയും ഉൾപ്പെടെ തിരിച്ചടച്ചതോടെയാണ് ഇവരുടെ സസ്പെൻഷൻ പിൻവലിച്ചതെന്നാണ് വകുപ്പിന്റെ വിശദീകരണം. സസ്പെൻഷൻ റദ്ദാക്കിക്കൊണ്ടു റവന്യു വകുപ്പ് ഉത്തരവും ഇറക്കി.
2024 ഡിസംബർ 26നാണ് അനർഹമായി സുരക്ഷാ പെൻഷൻ കൈപ്പറ്റിയ റവന്യു വകുപ്പിലെയും സർവേ ഭൂരേഖ വകുപ്പിലെയും 38 ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.
ക്ലർക്ക്, വില്ലേജ് അസിസ്റ്റന്റ്, എൽഡി ടൈപ്പിസ്റ്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, പാർട്ട് ടൈം സ്വീപ്പർ തസ്തികയിലുള്ളവരാണ് സസ്പെൻഷൻ പിൻവലിച്ചവരുടെ പട്ടികയിലുള്ളത്.