സപ്ലൈകോയില്‍ തേയില വാങ്ങിയതിലെ ക്രമക്കേട്: ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
Thursday, March 27, 2025 2:49 AM IST
കൊച്ചി: സപ്ലൈകോയില്‍ തേയില വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സപ്ലൈകോയില്‍ നിലവാരം കുറഞ്ഞ തേയില വാങ്ങി ഉയര്‍ന്ന തുക കാണിച്ച് കള്ളപ്പണ ഇടപാട് നടത്തിയെന്നാണു കേസ്. അന്വേഷണത്തിന്റെ ഭാഗമായി ഇഡി എട്ടു കോടിയോളം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.
സപ്ലൈകോയിലെ തേയില ഡിവിഷന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷെല്‍ജി ജോര്‍ജ്, അശോക് ഭണ്ഡാരി എന്നിവരുടെയും ഇടുക്കി ഹെയ്ലിബറിയ ടീ എസ്റ്റേറ്റ്സ് കമ്പനിയുടെയും സ്വത്തുക്കളായിരുന്നു ഇഡി കണ്ടുകെട്ടിയത്. ഇ-ലേലത്തില്‍ ക്രമക്കേട് നടത്തിയായിരുന്നു തട്ടിപ്പ്.
ടീ ബോര്‍ഡിന്റെ ലേലത്തില്‍ ഡമ്മി കമ്പനികളുടെ ഉയര്‍ന്ന നിരക്കിലുള്ള ടെന്‍ഡറുകള്‍ സമര്‍പ്പിച്ച് ഷെല്‍ജിയും ഹെയ്ലിബറിയ ടീ എസ്റ്റേറ്റ്സ് കമ്പനിയും ഒത്തുകളിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
വിപണിവിലയേക്കാള്‍ കൂടുതല്‍ നിരക്കില്‍ ഇടപാട് നടത്താന്‍ തീരുമാനമെടുത്തുവെന്നും ഇഡിയുടെ കുറ്റപത്രത്തിലുണ്ട്. അഴിമതിനിരോധന നിയമപ്രകാരം തിരുവനന്തപുരം വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിനെത്തുടര്‍ന്നാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.