കരുവന്നൂർ കേസ്: കെ. രാധാകൃഷ്ണൻ എംപിക്ക് സമയം നൽകി ഇഡി
Thursday, March 27, 2025 2:49 AM IST
തൃശൂർ: കരുവന്നൂർ കേസിൽ ചോദ്യംചെയ്യലിനു ഹാജരാകാൻ കെ. രാധാകൃഷ്ണൻ എംപിക്കു സാവകാശം നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ഏപ്രിൽ ഏഴിനുശേഷം ഹാജരായാൽ മതിയെന്ന് ഇഡി അറിയിച്ചു. കെ. രാധാകൃഷ്ണന്റെ ചോദ്യംചെയ്യൽ പൂർത്തിയായശേഷമായിരിക്കും അന്തിമ കുറ്റപത്രം സമർപ്പിക്കുക.
കെ. രാധാകൃഷ്ണനെ ചോദ്യംചെയ്യലിനായി ഇഡി നേരത്തേ വിളിപ്പിച്ചിരുന്നു. എന്നാൽ, അമ്മയുടെ മരണാനന്തരചടങ്ങിൽ പങ്കെടുക്കണമെന്നും അതിനാൽ ഇഡിക്കു മുന്നിൽ ചോദ്യംചെയ്യലിനു ഹാജരാകാൻ സാധിക്കില്ലെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം എംപി ഹാജരാക്കിയിരുന്നു. കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടക്കുന്ന സമയത്തു സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണൻ.