കൊടകര കേസിൽ ഇഡിയുടെ വാദം രാഷ്ട്രീയപ്രേരിതം: എം.വി. ഗോവിന്ദൻ
Thursday, March 27, 2025 2:49 AM IST
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയതോടെ ഇഡി രാഷ്ട്രീയപ്രേരിത ഏജൻസിയാണെന്ന വാദം ശരിയായിരിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
കുഴൽപ്പണ വിനിമയം സംസ്ഥാന പോലീസ് അന്വേഷിച്ച് കേന്ദ്ര ഏജൻസിക്കു കൈമാറിയതാണ്. ബിജെപി നേതാക്കൾക്കു പോറൽ വരാത്ത വിധം ചാർജ് ഷീറ്റ് ഇഡി തിരുത്തി.
ബിജെപി താത്പര്യം സംരക്ഷിച്ചാണ് ഇഡി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇഡിയുടെ ഈ നടപടിക്കെതിരേ സിപിഎം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി നാളെ കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ആറ് ചാക്കിൽ പണം കെട്ടി കടത്തിയെന്നു തിരൂർ സതീഷ് പറഞ്ഞിട്ടും ഇഡി മൊഴിപോലുമെടുത്തില്ല. ഓഫീസ് സെക്രട്ടറിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് കേസെടുത്തു.
കെ .സുരേന്ദ്രന്റെ അറിവോടെയാണ് ഇടപാടു നടന്നത്. വസ്തുതകൾ പോലീസുതന്നെ അന്വേഷണത്തിൽ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഇതൊന്നും ഇഡി കണക്കിലെടുത്തിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ആശാ വർക്കർമാരുടെ സമരം മാത്രമല്ല, ഒരു സമരത്തെയും സിപിഎം തള്ളിപ്പറയാറില്ല. എന്നാൽ, ഇവിടെ മഴവിൽ സഖ്യമാണു സമരത്തിനു പിന്നിൽ. എസ്യുസിഐയെ മുൻനിർത്തി വർഗീയ ശക്തികൾ ആശാ സമരത്തിനു പിന്നിലുണ്ട്.സമരം സംസ്ഥാന സർക്കാരിന് എതിരായി മാത്രം നടത്തുകയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.