ആലുവ-മൂന്നാർ രാജപാത: മന്ത്രിയുടെ വാദം പൊളിച്ച് സർക്കാർ രേഖകൾ
Thursday, March 27, 2025 2:49 AM IST
സിജോ പൈനാടത്ത്
കൊച്ചി: രാജപാത എന്നറിയപ്പെടുന്ന പഴയ ആലുവ-മൂന്നാര്‍ റോഡ് ഇല്ലെന്ന വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ നിയമസഭയിലെ വാദം സര്‍ക്കാര്‍ രേഖകളിലൂടെ തന്നെ പൊളിയുന്നു. രാജപാത പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണെന്നു തെളിയിക്കുന്ന നേരത്തേയുള്ള സര്‍ക്കാര്‍ ഉത്തരവുകളും മന്ത്രി മുഹമ്മദ് റിയാസിന്റെ പേരിലുള്ള 2022ലെ നിയമസഭാരേഖകളും മന്ത്രിയുടെ ഇപ്പോഴത്തെ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്കു നിരക്കാത്തതാണെന്ന് വ്യക്തമാക്കുന്നു.
കഴിഞ്ഞദിവസം നിയമസഭയില്‍, ആന്റണി ജോണ്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണു രാജപാത എന്നപേരില്‍ റോഡ് ഇല്ലെന്ന് മന്ത്രി പറഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാക്കി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം.
കോതമംഗലം മുതല്‍ പെരുമ്പന്‍കുത്ത് വരെയുള്ള 40 കിലോമീറ്റര്‍ രാജപാത പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളതാണെന്ന് 2022 മാര്‍ച്ച് 14ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സഭയില്‍ രാജപാത സംബന്ധിച്ച സബ്മിഷന് മറുപടിയായി വ്യക്തമാക്കിയിരുന്നു. ഈ റോഡിന്റെ പൂയംകുട്ടി മുതല്‍ പെരുമ്പന്‍കുത്ത് വരെയുള്ള റോഡ് വനംവകുപ്പ് അടച്ചുകെട്ടിയതിനാല്‍ ഗതാഗതയോഗ്യമല്ലെന്നും മന്ത്രി അന്ന് വ്യക്തമാക്കി. പൊതുമരാമത്തിന്റെ നിയന്ത്രണത്തിലുള്ള റോഡ് വനംവകുപ്പ് കെട്ടിയടച്ചതാണെന്ന് മന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.
1924ലെ വെള്ളപ്പൊക്കത്തില്‍ കരിന്തിരിമല ഇടിഞ്ഞു രാജപാത സഞ്ചാരയോഗ്യമല്ലാതായിരുന്നു. റോഡ് പുനര്‍നിര്‍മിക്കാനുള്ള ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് തയാറാക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി റിയാസ് അന്നു വ്യക്തമാക്കിയതാണ്.
രാജപാത മൂവാറ്റുപുഴ പിഡബ്ല്യുഡി റോഡ്സ് ഡിവിഷന്റെ രജിസ്റ്ററില്‍ ഉള്‍പ്പെട്ട റോഡാണെന്ന് പൊതുമരാമത്ത് വകുപ്പിന്റെ കോതമംഗലം അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കഴിഞ്ഞ ഒക്ടോബര്‍ 28ന് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ക്കു നല്കിയ കത്തിലും വ്യക്തമാക്കുന്നുണ്ട്. റോഡിന്റെ നവീകരണത്തിന് വിശദമായ അന്വേഷണറിപ്പോര്‍ട്ട് തയാറാക്കുന്നതിന് വനംവകുപ്പ് പാതയില്‍ സ്ഥാപിച്ചിട്ടുള്ള ക്രോസ് ബാര്‍ ഉടന്‍ മാറ്റിത്തരണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
പൂയംകുട്ടി- പെരുമ്പന്‍കുത്ത് ഭാഗത്തെ രാജപാത വനംവകുപ്പിന്റേതല്ലെന്നു മലയാറ്റൂര്‍ ഡിവിഷന് ഫോറസ്റ്റ് ഓഫീസര്‍ തന്നെ വ്യക്തമാക്കുന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാത വനംവകുപ്പ് കെട്ടിയടച്ചതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി കോടതിയില്‍ കേസുകള്‍ നിലവിലുണ്ടെന്ന് ഹൈക്കോടതി അഭിഭാഷകനായ അഡ്വ.എ.സി. ദേവസ്യ പറഞ്ഞു.
ഈ സര്‍വേ നമ്പര്‍ മന്ത്രി പരിശോധിക്കണേ...
കുട്ടമ്പുഴ വില്ലേജിലെ 883, 885, 887, 889 എന്നീ ഓള്‍ഡ് സര്‍വേ നമ്പറുകളില്‍ ഉള്‍പ്പെട്ടതാണു രാജപാത. കോതമംഗലം റോഡ്സ് സബ് ഡിവിഷന്റെ കീഴിലുള്ളതാണു രാജപാതയിലെ 11.5 കിലോമീറ്റര്‍ റോഡ്. ഇക്കാര്യം പിഡബ്ല്യുഡി രേഖകളില്‍ വ്യക്തമാണ്.
ആലുവയില്നിന്നാരംഭിച്ചു കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, കുതിരകുത്തി, തോളുനട, കുഞ്ചിയാര്‍, കുറത്തിക്കുടി, പെരുമ്പന്‍കുത്ത്, നല്ലതണ്ണിയാര്‍, മാങ്കുളം വഴി മൂന്നാറിലേക്കെത്തുന്നതാണ് പഴയ ആലുവ-മൂന്നാര്‍ രാജപാത. പിഡബ്ല്യുഡിയുടെ ഈ റോഡില്‍ നിലവില്‍ പൂയംകുട്ടിവരെ പൊതുജനങ്ങള്‍ക്കു സഞ്ചരിക്കാം.
എന്നാല്‍ പൂയംകുട്ടി മുതല്‍ ഇടുക്കി ജില്ലയിലെ മാങ്കുളം വരെയുള്ള ഭാഗം വനഭൂമിയെന്നു ബോര്‍ഡ് പ്രദര്‍ശിപ്പിച്ചു വനംവകുപ്പ് കെട്ടിയടച്ചിരിക്കുകയാണ്. രാജപാത പിഡബ്ല്യുഡി റോഡാണെന്നും പൊതുജനങ്ങള്‍ക്കു സഞ്ചരിക്കാന്‍ തുറന്നുനല്‍കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
പരാതി കൊടുത്തോളൂ: വനം മന്ത്രി
കൊച്ചി: പഴയ ആലുവ-മൂന്നാർ രാജപാത എന്നപേരിൽ റോഡില്ലെന്ന പ്രസ്താവന തെറ്റാണെങ്കിൽ നിയമസഭാ സ്പീക്കർക്കു പരാതി നൽകിക്കോളൂവെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ.
മന്ത്രിയുടെ പ്രസ്താവനയിലെ പിശകും രാജപാത പൊതുമരാത്ത് വകുപ്പിന്റെ വഴിയാണെന്നും ചൂണ്ടിക്കാട്ടി കോതമംഗലം സ്വദേശി മന്ത്രിയോടു നടത്തിയ ഫോൺ സംഭാഷണത്തിലാണ് മന്ത്രിയുടെ മറുപടി.
എല്ലാ മന്ത്രിമാരും ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നിയമസഭയിൽ സംസാരിക്കുന്നതെന്നും താനും അതാണു ചെയ്തതെന്നും മന്ത്രി പറഞ്ഞു.