തോട്ടത്തിലെ ദൈവം
Thursday, March 27, 2025 2:49 AM IST
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
പൂന്തോട്ടങ്ങളെ ഇഷ്ടപ്പെടാത്തവർ ആരുണ്ട്? വേദപുസ്തകത്തിലെ തോട്ടങ്ങൾ നോന്പുകാലജീവിതത്തിന് സുവിശേഷപാത തെളിക്കുന്നുണ്ട്. അവ ദൈവ-മനുഷ്യ സഹവാസത്തിന്റെയും കണ്ടുമുട്ടലിന്റെയും സമൃദ്ധിയുടെയും സന്തുലിതാവസ്ഥയുടെയും തിരുഹിതാന്വേഷണത്തിന്റെയുമൊക്കെ ഇടങ്ങളാണ്.
അവ ദൈവസംരക്ഷണത്തിന്റെ ചുറ്റുമതിലും. ഉത്പത്തിയിൽ കാണുന്ന ഏദൻതോട്ടം(2:8) ദൈവം സൃഷ്ടിച്ച പ്രപഞ്ചത്തെയും അതിൽ ദൈവം നിയമിച്ച ആദിമനുഷ്യന്റെയും വാസസ്ഥലമാണ്. മനുഷ്യനു സസ്യലതാദികളെയും സൃഷ്ടവസ്തുക്കളെയും പരിപാലിക്കാനുള്ള ദൈവനിയോഗം നൽകപ്പെട്ട ഇടം കൂടിയാണത്. ഈ പൊതുഭവനത്തെ സംരക്ഷിക്കാനും പരിപാലിക്കാനും അതിന്റെ ഹരിതകം ചോർന്നുപോകാതെ കാത്തുസൂക്ഷിക്കാനും അതിനെ മലിനപ്പെടുത്താതിരിക്കാനുമുള്ള മനുഷ്യത്വം ഞാൻ ആർജിച്ചിട്ടുണ്ടോ?
പ്രാർഥനയുടെ ഇടം
ഗദ്സെമിൻ തോട്ടം (യോഹ 18 :1) പ്രാർഥനയുടെ ഇടമായിരുന്നു. തിന്മയ്ക്കുമേൽ നന്മ വിജയിച്ച ഭൂമിക! ഒലിവുകൾ നിറഞ്ഞ ആ തോട്ടം ഈശോയുടെ പീഡാസഹനത്തെ ഓർമപ്പെടുത്തുന്നുണ്ട്. അരഞ്ഞമർന്ന് എണ്ണ കിനിയാൻ നിയോഗിക്കപ്പെടുന്ന ഒലിവുപോലെ താനും സഹനങ്ങളാൽ ഞെരിഞ്ഞമർത്തപ്പെടുമെന്ന് ഓർമിപ്പിക്കുന്ന തോട്ടം. മനഃചാഞ്ചല്യം കൂടാതെ, മറുചോദ്യങ്ങളില്ലാതെ ദൈവഹിതത്തിനു മുന്നിൽ "നിന്റെ ഇഷ്ടം നിറവേറട്ടെ'യെന്നു പ്രാർഥിക്കാൻ പോന്ന ഒരു ക്രിസ്ത്യാനിയായി ഇനിയും ഞാൻ രൂപപ്പെട്ടിട്ടുണ്ടോ? നന്മതിന്മകളോടു പടപൊരുതി വിജയം നേടാനുള്ള അതിജീവനം ഇനിയും സ്വന്തമാക്കിയോ?
ഒരു തോട്ടത്തിലാണ് അവൻ സംസ്കരിക്കപ്പെട്ടതും ഉയിർപ്പിക്കപ്പെട്ടതും (യോഹ 19:41 ). ആരെയും അടക്കാത്ത ഒരു തോട്ടം ഈശോയുടെ ദൈവത്വത്തെയും രാജത്വത്തെയും മഹത്ത്വത്തെയും പ്രഘോഷിക്കുകയാണ്. അവിടെയാണ് ഉത്ഥിതനായവൻ മഗ്ദലനയ്ക്കു തന്നെത്തന്നെ വെളിപ്പെടുത്തുന്നത്.
അവളുടെ സങ്കടങ്ങളെല്ലാം പൊലിഞ്ഞടിഞ്ഞ് ഇല്ലാതാവുന്ന കൂടിക്കാഴ്ചയായിരുന്നു അത്. നമ്മുടെ ശിഷ്യത്വജീവിതത്തിന് എത്രമാത്രം ആധികാരികത അവകാശപ്പെടാനാകും? വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തമുള്ള ജീവിതമാണോ നമ്മുടേത്? മാമ്മോദീസയിലൂടെ എനിക്കു ലഭിച്ച രാജത്വവും നൈർമല്യവും ദൈവത്വവുമൊക്കെ എന്നിലെ അവബോധങ്ങളാണോ?
ഉദ്യാനങ്ങളുണ്ടാകാൻ
ഏദൻതോട്ടത്തിലെ പിശാച് ഗത്സെമിനിയിൽ യൂദാസായി വേഷമിടുന്നു! അവനെ ജയിക്കാൻ ഉത്ഥിതന്റെ സഹായം കൂടിയേ തീരൂ. ഉത്ഥിതനെ കണ്ടുമുട്ടാൻ തിരുസഭയാകുന്ന പൂന്തോട്ടം ഒരുക്കിയിരിക്കുന്ന ബലിപീഠത്തിൽ അനുദിനവും അവനെ തിരിച്ചറിഞ്ഞുകൊണ്ട് "ഞാൻ കർത്താവിനെ കണ്ടു'വെന്ന് മഗ്ദലനയെപ്പോലെ ഉയിരുകൊള്ളാൻ നമുക്കാവുന്നുണ്ടോ?
പ്രപഞ്ചവും മനുഷ്യനും ഒരുമിച്ച് ദൈവമഹത്ത്വത്തെ പ്രകീർത്തിക്കുന്പോൾ അത് സോളമന്റെ ഉദ്യാനത്തെപ്പോലെ ലില്ലിയും മാതളവും മുന്തിരിയും പൂക്കുന്ന തോട്ടങ്ങളായി മാറും. മണലാരണ്യങ്ങളെ പൂന്തോട്ടങ്ങളാക്കാൻ ബലിപീഠത്തിനടിയിൽനിന്ന് ഒഴുകുന്ന നീർച്ചാലിൽ മുങ്ങിനിവർന്നു സമസ്തവും സുന്ദരമാക്കാം.
“നമ്മുടെ തലമുറ ഒരുപാടു സന്പത്ത് ആർജിച്ചിട്ടുണ്ട്. എന്നാൽ, നമ്മുടെ ഭൂമിയെയും അതിന്റെ സന്തുലിതാവസ്ഥയെയും സംരക്ഷിക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടു. നാശത്തിലേക്കു വഴുതുന്ന ഭൂമിയുടെ സംരക്ഷകരും നിർമാതാക്കളുമായി ദൈവം നമ്മളെ വിളിച്ചിരിക്കുന്നു” (ഫ്രാൻസിസ് പാപ്പാ).