ശ്രേഷ്ഠ കാതോലിക്ക 30ന് കേരളത്തിൽ
Thursday, March 27, 2025 2:49 AM IST
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായായി അഭിഷിക്തനായ മാർ ബസേലിയോസ് ജോസഫ് ബാവ 30ന് കേരളത്തിലെത്തും.
ഉച്ചയ്ക്ക് 1.30ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ബാവയ്ക്ക് ഔദ്യോഗിക സ്വീകരണമൊരുക്കും. 3.30ന് സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ സ്ഥാനാരോഹണത്തിന്റെ തുടർശുശ്രൂഷകൾ (സുന്ത്രോണീസോ) നടക്കും.
പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധികളായി ബെയ്റൂട്ട് ആര്‍ച്ച്ബിഷപ് മാര്‍ ഡാനിയേല്‍ ക്ലിമീസ്, ആര്‍ച്ച്ബിഷപ് മാര്‍ തീമോത്തിയോസ് മത്താ അല്‍ഖുറി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന അനുമോദനസമ്മേളനം കേരള ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വിവിധ സഭകളിലെ മേലധ്യക്ഷന്മാരും പങ്കെടുക്കും.
മാർ ബസേലിയോസ് ജോസഫ് കാതോലിക്കാബാവയുടെ അഭിഷേക ചടങ്ങുകൾക്കുശേഷം സഭയുടെ ആഗോള സൂനഹദോസ് ഇന്നലെ ബെയ്റൂട്ടിൽ നടന്നു. സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ അധ്യക്ഷതയിലായിരുന്നു സൂനഹദോസ്.
നവാഭിഷിക്തനായ ജോസഫ് കാതോലിക്കാ ബാവയും കേരളത്തിലെയുൾപ്പെടെ സഭയിലെ 60ഓളം മെത്രാപ്പോലീത്തമാരും പങ്കെടുത്തു. സഭയിലെ പ്രതിസന്ധികളും മുന്നോട്ടുള്ള പ്രവർത്തനങ്ങളും സൂനഹദോസിൽ ചർച്ച ചെയ്തു.
ബെയ്റൂട്ടിനടുത്ത് അച്ചാനെയിലെ പാത്രിയര്‍ക്കാ അരമനയോടു ചേര്‍ന്നുള്ള സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കാ കത്തീഡ്രലിൽ ചൊവ്വാഴ്ചയായിരുന്നു കാതോലിക്കാബാവയുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്.
ഇന്ത്യയിൽനിന്നു കേന്ദ്ര-സംസ്ഥാന മന്ത്രിമാരും സീറോമലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉൾപ്പെടെ സഭാനേതാക്കന്മാരും ജനപ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുത്തു.