ശ്രേഷ്ഠ കാതോലിക്കയുടെ ആത്മീയ നേതൃത്വം യാക്കോബായ സഭയ്ക്ക് അനുഗ്രഹം: മാർ തട്ടിൽ
Thursday, March 27, 2025 2:49 AM IST
കൊച്ചി: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്തനായ ബസേലിയോസ് ജോസഫ് ബാവായുടെ ആത്മീയനേതൃത്വം യാക്കോബായ സഭയ്ക്കും പൊതുസമൂഹത്തിനും കൂടുതൽ അനുഗ്രഹത്തിനു കാരണമാകുമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആശംസിച്ചു.
സാഹോദര്യത്തിലും ഐക്യത്തിലും സ്നേഹത്തിന്റെ കൂട്ടായ്മയിലും സഭയെ നയിക്കാൻ പരിശുദ്ധാത്മാവിന്റെ നൽവരങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വ ശുശ്രൂഷയിൽ ഉണ്ടാകട്ടേയെന്ന് പുതിയ കാതോലിക്കയ്ക്കുള്ള അഭിനന്ദനസന്ദേശത്തിൽ മാർ തട്ടിൽ പറഞ്ഞു.
യാക്കോബായ സഭാവിശ്വാസികളുടെ ആത്മീയവളർച്ചയ്ക്കും സമൂഹത്തിലെ പാവങ്ങൾക്കായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പുതിയ ശ്രേഷ്ഠ ഇടയന്റെ ശുശ്രൂഷകൾ ഉതകുന്നതാകട്ടേ.
ആഗോള ക്രൈസ്തവസഭയുടെ കൂട്ടായ്മയ്ക്കും അഭിവൃദ്ധിക്കുമായി ആത്മാർപ്പണം ചെയ്യാനും നിസ്വാർഥ സേവനമുറപ്പാക്കാനും ശ്രേഷ്ഠ കാതോലിക്കയ്ക്കു സാധിക്കട്ടേയെന്നും മാർ റാഫേൽ തട്ടിൽ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.