ആശ്രിതനിയമനം: 13 വയസ് മുതലുള്ളവർക്കു മാത്രം അർഹത
Thursday, March 27, 2025 2:49 AM IST
തിരുവനന്തപുരം: ജീവനക്കാരൻ മരണമടയുന്ന തീയതിയിൽ 13 വയസോ അതിനു മുകളിലോ പ്രായമുള്ള ആശ്രിതർക്കു മാത്രമാണ് ആശ്രിത നിയമനത്തിന് അർഹത.
വിധവ-വിഭാര്യൻ, മകൻ, മകൾ, ദത്തെടുത്ത മകൻ, മകൾ, അവിവാഹിതരായ ജീവനക്കാരെങ്കിൽ അച്ഛൻ, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരൻ എന്നീ മുൻഗണനാ ക്രമത്തിൽ ആശ്രിതനിയമനത്തിന് അർഹതയുണ്ട്. ആശ്രിതർ തമ്മിൽ അഭിപ്രായ സമന്വയമുണ്ടെങ്കിൽ അപ്രകാരവും അല്ലാത്തപക്ഷം മുൻഗണനാക്രമത്തിലും നിയമനം നൽകും.
ജീവനക്കാരൻ മരണമടയുന്ന സമയത്ത് വിവാഹിതരായ മകൻ, മകൾ എന്നിവർ വിവാഹശേഷവും അവർ മരണമടഞ്ഞ ഉദ്യോഗസ്ഥന്റെ ആശ്രിതരായിരുന്നു എന്ന തഹസിൽദാരുടെ സർട്ടിഫിക്കറ്റ് കൂടി ആശ്രിത നിയമന അപേക്ഷയോടൊപ്പം ഹാജരാക്കണം. ആശ്രിതർ തമ്മിൽ തർക്കമുണ്ടാകുന്ന പക്ഷം വിധവ- വിഭാര്യൻ നിർദേശിക്കുന്ന ആളിന് ആശ്രിതനിയമനം നൽകും.വിധവ-വിഭാര്യൻ എന്നിവർക്ക് മറ്റ് ആശ്രിതരുടെ സമ്മതപത്രം ആവശ്യമില്ല.
വിവാഹമോചിതരായ സർക്കാർ ജീവനക്കാർ സർവീസിലിരിക്കേ മരണമടയുന്ന സാഹചര്യത്തിൽ മക്കൾ ഉണ്ടെങ്കിൽ മകൻ, മകൾ, ദത്തുപുത്രൻ, ദത്തു പുത്രി എന്ന മുൻഗണനാ ക്രമത്തിലും അച്ഛൻ, അമ്മ, അവിവാഹിതരായ സഹോദരി,സഹോദരൻ എന്നിവർക്കും മുൻഗണനാ ക്രമത്തിൽ, ഇവർ ജീവനക്കാരനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നതെന്ന തഹസിൽദാരുടെ സാക്ഷ്യപത്രം ഹാജരാക്കുകയാണെങ്കിൽ വ്യവസ്ഥകൾക്ക് വിധേയമായി ആശ്രിത നിയമനത്തിന് അർഹതയുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിലോ, വകുപ്പുകൾക്കു കീഴിലുള്ള സ്ഥാപനങ്ങളിലോ, പൊതുമേഖല സ്ഥാപനങ്ങൾ, ബാങ്കുകൾ (സഹകരണ ബാങ്കുകൾ ഉൾപ്പെടെ) എന്നിവിടങ്ങളിലോ റെഗുലർ ആയി ഉദ്യോഗത്തിൽ പ്രവേശിച്ചു കഴിഞ്ഞവർക്ക് പദ്ധതി പ്രകാരം നിയമനത്തിന് അർഹതയില്ല.
നിയമപരമായി ആദ്യ ഭാര്യ-ഭർത്താവിനെ വേർപിരിഞ്ഞ് പുനർ വിവാഹം ചെയ്യുന്ന കേസുകളിൽ ആദ്യ ഭാര്യ അല്ലെങ്കിൽ ആദ്യ ഭർത്താവിൽ ഉണ്ടായ കുഞ്ഞുങ്ങൾക്കും അർഹതയുണ്ട്.
ക്ലാസ് മൂന്ന്, നാല് തസ്തികകളിൽ ഓരോ 16-ാമത്തെ ഒഴിവും ആശ്രിത നിയമനത്തിനായി മാറ്റിവയ്ക്കണം
നേരിട്ടുള്ള നിയമനം, നിയമന രീതിയായിട്ടുള്ള സബോർഡിനേറ്റ് സർവീസിലെ ക്ലാസ് മൂന്ന്, ക്ലാസ് നാല് തസ്തികകളിലേക്കും ലാസ്റ്റ് ഗ്രേഡ് സർവീസ്, പാർട്ട് ടൈം കണ്ടിന്ജന്റ് സർവീസുകളിലെ തസ്തികകളിലേക്കുമാണ് ആശ്രിതനിയമനം നടത്തുന്നത്.
ഒരു തസ്തികയിൽ ഒന്നിലധികം നിയമന രീതികൾ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിൽ നേരിട്ടുള്ള നിയമനത്തിനായി മാറ്റിവച്ചിട്ടുള്ള ഒഴിവുകളിൽ നിന്നുമാണ് ആശ്രിതനിയമനത്തിനായി ഒഴിവുകൾ കുറവ് ചെയ്യേണ്ടത്.
ഹെഡ്ക്വാർട്ടറിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖാന്തിരം നേരിട്ട് നിയമനം നടത്തുന്ന ക്ലാസ് മൂന്ന്, ക്ലാസ് നാല് തസ്തികകളിൽ കണ്ടെത്തിയ തസ്തികകളിൽ ഓരോ പതിനാറാമത്തെ ഒഴിവും ആശ്രിതനിയമനത്തിനായി റിപ്പോർട്ട് ചെയ്യണം.
അപേക്ഷകൻ 18 വയസോ അതിനു മുകളിലോ ഉള്ളയാളാണെങ്കിൽ ജീവനക്കാരൻ മരണമടഞ്ഞ തീയതി മുതൽ മൂന്ന് വർഷത്തിനകവും, അപേക്ഷകൻ 18 വയസിന് താഴെയുള്ള ആളാണെങ്കിൽ 18 വയസ് പൂർത്തിയായി മൂന്ന് വർഷത്തിനകവും അപേക്ഷ സമർപ്പിക്കണം.
വിധവ, വിഭാര്യൻ എന്നിവരുടെ നിയമന കാര്യത്തിലും മരണമടയുന്ന അവിവാഹിതനായ സർക്കാർ ജീവനക്കാരന്റെ പിതാവ്, മാതാവ് എന്നിവരുടെ കാര്യത്തിലും പാർട്ട് ടൈം കണ്ടിന്ജന്റ് തസ്തികകളിലേക്കുള്ള നിയമനത്തിലും മുനിസിപ്പൽ കണ്ടിന്ജന്റ് സർവീസിലെ ഫുൾടൈം കണ്ടിന്ജന്റ് തസ്തികയിലെ നിയമനത്തിലും ഉയർന്ന പ്രായപരിധി ബാധകമല്ല, അപേക്ഷകർക്ക് വിരമിക്കൽ പ്രായം വരെ നിയമനം നൽകും.