ബസിൽ പാമ്പിനെ കടത്തിയ സംഭവം: രണ്ടു ജീവനക്കാർക്കു സസ്പെൻഷൻ
Thursday, March 27, 2025 2:49 AM IST
ചാത്തന്നൂർ: കെഎസ്ആര്‍ടിസിയുടെ സ്കാനിയ ബസിൽ പാമ്പിനെ കടത്തിയ കേസിൽ രണ്ടു ജീവനക്കാർക്കു സസ്പെൻഷൻ. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡ്രൈവർ ജീവൻ ജോൺസൺ, കണ്ടക്ടർ സി.പി. ബാബു എന്നിവരെയാണു സസ്പെൻഡ് ചെയ്തത്.
ബംഗളൂരുവില്‍നിന്നു തിരുവനന്തപുരത്തേക്കു സർവീസ് നടത്തിയ സ്കാനിയ ബസിലാണു സംഭവം. കഴിഞ്ഞ 21നായിരുന്നു ബസിൽനിന്നും വിജിലൻസ് സ്ക്വാഡ് ബാൾ പൈത്തൺ എന്ന ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെടുത്തത്.
ഇത് വിഷമില്ലാത്തതും ആഡംബര ഇനത്തിൽപ്പെട്ടതും വന്യജീവികളുടെ ഷെഡ്യൂളില്‍ ഉൾപ്പെടാത്തതുമാണെന്നു തമ്പാനൂർ എസ്എച്ച്ഒ ശ്രീകുമാർ പറഞ്ഞിരുന്നു. കെഎസ്ആർടിസി വിജിലൻസ് സ്ക്വാഡ് തമ്പാനൂർ ഡിപ്പോയ്ക്കു സമീപം ബസ് തടഞ്ഞുനിർത്തി പരിശോധന നടത്തിയാണ് പാമ്പിനെ കണ്ടെത്തിയത്.