പി.സി. ജോര്‍ജിന് ജാമ്യം
Saturday, March 1, 2025 3:01 AM IST
ഈരാറ്റുപേട്ട: മതവിദ്വേഷ പരാമര്‍ശക്കേസില്‍ പി.സി. ജോര്‍ജിന് ഈരാറ്റുപേട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചു. കേസില്‍ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്യപ്പെട്ട പി.സി. ജോര്‍ജ് ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇസിജി വ്യതിയാനം ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ച് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്കു മാറ്റി.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനു കേസില്ല, കേസന്വേഷണം പൂര്‍ത്തിയായി എന്നീ കാരണങ്ങളാല്‍ ജാമ്യം നല്‍കണമെന്ന് ജോര്‍ജിന്റെ അഭിഭാഷകന് വാദിച്ചു. പൊതുപ്രവര്‍ത്തകനാകുമ്പോള്‍ കേസുകള്‍ ഉണ്ടാകുമെന്നും സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നും കോടതിയെ ധരിപ്പിച്ചു.
എന്നാൽ, മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷ നല്‍കണമെന്നും തുടര്‍ച്ചയായി ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നും ജാമ്യം കൊടുത്താല്‍ തെറ്റായ സന്ദേശമാകുമെന്നും പ്രോസിക്യൂഷന് കോടതിയെ ധരിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നിനാണ് ഈരാറ്റുപേട്ട കോടതി ജാമ്യം അനുവദിച്ചത്.