തെരഞ്ഞെടുപ്പിനൊരുങ്ങി യുഡിഎഫ്; സർക്കാരിനെതിരേ സമരപരമ്പര
Friday, February 28, 2025 2:42 AM IST
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിനായി അണികളെ സജ്ജരാക്കാന്‍ സമരപരമ്പരയുമായി യുഡിഎഫ്. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരേ സമരങ്ങള്‍ ശക്തമാക്കാന്‍ ഇന്നലെ കൊച്ചിയില്‍ നടന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു.
‘നോ ക്രൈം, നോ ഡ്രഗ്സ്’ മുദ്രാവാക്യം ഉയര്‍ത്തി മാര്‍ച്ച് അഞ്ചിന് സെക്രട്ടേറിയറ്റിനു മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തും. ബജറ്റില്‍ എസ്ടി-എസ്ടി ഫണ്ട് വെട്ടിക്കുറച്ചതിലും ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയതിലും പ്രതിഷേധിച്ച് ന്യൂനപക്ഷ സംഘടനകളെ പങ്കെടുപ്പിച്ച് മാര്‍ച്ച് 13ന് കൊച്ചിയില്‍ പ്രതിഷേധ സംഗമം നടത്തും.
തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ നാലിന് എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കു മുന്നിലും രാവിലെ നാലുമുതല്‍ അടുത്തദിവസം രാവിലെ പത്തു വരെ രാപ്പകല്‍ സമരം നടക്കും.
കടല്‍മണല്‍ ഖനനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരേ ഏപ്രില്‍ 21 മുതല്‍ 30 വരെ കാസർഗോഡുനിന്ന് തിരുവനന്തപുരത്തേക്ക് തീരദേശ ജാഥ നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ജാഥ നയിക്കും.
നേതൃയോഗത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. പ്രേമചന്ദ്രന്, സി.പി. ജോണ്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, മോന്‍സ് ജോസഫ്, ബെന്നി ബെഹനാന്, ഷിബു ബേബി ജോണ്‍, ഫ്രാന്‍സിസ് ജോര്‍ജ്, മാണി സി. കാപ്പന്, തോമസ് ഉണ്ണിയാടന്, പി.സി. തോമസ്, ജി. ദേവരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വന്യജീവി ആക്രമണം: യുഡിഎഫ് പ്രധാനമന്ത്രിയെ കാണും
കൊച്ചി: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ യുഡിഎഫ് പ്രതിനിധിസംഘം പ്രധാനന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര വനം മന്ത്രി ഭൂപേന്ദര്‍ യാദവിനെയും നേരില്‍ കാണുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് പറഞ്ഞു.
മനുഷ്യജീവനും കൃഷിയിടങ്ങൾക്കും ഭീഷണിയാകുന്ന വന്യജീവികളെ വെടിവച്ചു കൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്കുന്ന നിലയില്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തണമെന്ന ആവശ്യമാകും സംഘം ഉന്നയിക്കുക.
വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ പത്തിന് മലയോര കര്‍ഷകരെ പങ്കെടുപ്പിച്ച് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തുമെന്നും യുഡിഎഫ് കണ്‍വീനര്‍ അറിയിച്ചു.