തൊഴിലിനുവേണ്ടി ജീവിതം ത്യജിച്ചവര്‍
Friday, February 28, 2025 2:42 AM IST
റിച്ചാര്‍ഡ് ജോസഫ്
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം നടത്തുന്ന ആശമാരുടെ സമരം 18 ദിവസം പിന്നിടുമ്പോള്‍ ഓണറേറിയം കുടിശിക നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സമരത്തിന്റെ വിജയമായാണ് ആശമാര്‍ കാണുന്നത്. എന്നാല്‍ മുന്നോട്ടുവച്ച മറ്റ് ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്നും ആവശ്യങ്ങള്‍ നേടുംവരെ സമരവുമായി മുന്നോട്ടു പോകുമെന്നും സമരസമിതി നേതാവ് എം.എ. ബിന്ദു പറഞ്ഞു.
തൊഴിലിനുവേണ്ടി ജീവിതം ത്യജിച്ചവരാണ് ആശമാരെന്നും ലംഘിക്കപ്പെടുന്നത് മനുഷ്യാവകാശമാണെന്നും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരംചെയ്യുന്ന ആശമാര്‍ ദീപികയോടു പറഞ്ഞു. മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളിലും തീരുമാനമാകാതെ പിന്നോട്ടില്ല. ഇപ്പോള്‍ ലഭിക്കുന്ന 7,000 രൂപ ഓണറേറിയം 21,000 രൂപയാക്കി വര്‍ധിപ്പിക്കാന്‍ സാധിക്കുമോ എന്നു ചോദിക്കുന്നവരുണ്ടാകാം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കട്ടെ.
അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ സമരം അനിശ്ചിതകാലം നീളുമെന്നും സംസ്ഥാനത്തെ മുഴുവന്‍ ആശമാര്ക്കുംവേണ്ടിയാണു സമരമെന്നും ഇന്നലെ സമരത്തിനെത്തിയ പുതുക്കുറിച്ചി സ്വദേശി ഷീജ പറഞ്ഞു.
സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം പൊളിക്കുന്നതിനു ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ അവരുടെ സമരം വലിയ ചലനമുണ്ടാക്കുമെന്നു കരുതുന്നില്ല. തങ്ങള്‍ ഉയര്‍ത്തുന്നത് ആശമാരുടെ ജീവല്‍പ്രശ്നങ്ങളാണ്. അത് ആര്‍ക്കും മനസിലാകും. കൃത്യവും വ്യക്തവുമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തങ്ങള്‍ സമരം നടത്തുന്നതെന്നും ഷീജ പറഞ്ഞു.
കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് മൂന്നിന് ആശമാരുടെ നിയമസഭാ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ഓണറേറിയം 21,000 രൂപയാക്കി വര്‍ധിപ്പിക്കുക, എല്ലാ മാസവും അഞ്ചിനുള്ളില്‍ ഇതു നല്‍കുക, അഞ്ചു ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യമായി നല്‍കുക, വിരമിക്കുന്നവര്‍ക്കു പെന്ഷന് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ തന്നെയാണ് നിയമസഭാ മാര്‍ച്ചിലും ഇവര്‍ ഉന്നയിക്കുന്നതെന്നു സമരത്തിന്റെ മുന്‍നിരയിലുള്ള സൗഭാഗ്യകുമാരി പറയുന്നു.
ഏഴായിരം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാ വര്‍ക്കര്‍ക്കു നല്കുന്ന ഓണറേറിയം. കേന്ദ്രവിഹിതമായി രണ്ടായിരം രൂപയും ലഭിക്കും. എന്നാല്‍ ഇത് ഒരുമിച്ചു ലഭിക്കാറില്ല. 10 മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു മാസം ജോലി പൂര്‍ത്തിയാക്കുന്നവര്‍ക്കു മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന 7000 രൂപ ലഭിക്കുന്നത്.
ഒരു വാര്‍ഡ്തല യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ 700 രൂപ കുറയും. മുഴുവൻ തുക ലഭിക്കുന്നവര്‍ കുറവാണെന്നു തിരുവല്ലം സ്വദേശി ജയ പറയുന്നു. രാവിലെ 8.30 മുതല്‍ വൈകുന്നേരം 4.30 വരെ ജോലിയുണ്ടാകും. മുന്‍പ് ആശമാര്‍ മറ്റു ജോലികള്‍ക്കും പോകുന്ന പതിവുണ്ടായിരുന്നു.
എന്നാല്‍, നിലവില്‍ കൃത്യമായി ജോലിക്കു ഹാജരായില്ലെങ്കില്‍ ഓണറേറിയത്തില്‍ കുറവുണ്ടാകും. ഇതിനാല്‍ ഈ ജോലിയില്‍തന്നെ മുഴുവന്‍ സമയവും നില്‍ക്കേണ്ടിവരുന്നു. കുടുംബത്തിന്റെ മുഴുവന്‍ ഭാരവും ചുമലില്‍ ഏല്‍ക്കേണ്ടി വരുന്നവരാണ് ആശമാര്‍. വീട്ടുചെലവ്, കുട്ടികളുടെ വിദ്യാഭ്യാസം, മറ്റു ചെലവുകളെല്ലാം വഹിക്കേണ്ടിവരുന്നു. സമരം ആരംഭിച്ച് ഒന്‍പതാം ദിവസമായിരുന്നു പിഎസ്സിയില് ശമ്പളം വര്‍ധിപ്പിച്ചത്. എന്നാൽ ആശമാരുടെ സമരം അപ്പോഴൊന്നും സര്‍ക്കാര്‍ കണ്ട ഭാവം നടിച്ചില്ലെന്ന് ജയയും മറ്റ് ആശമാരും പരാതിപ്പെടുന്നു.
കോവിഡ് കാലത്ത് മരിച്ചത് 11 ആശമാര്‍!
തിരുവനന്തപുരം: കോവിഡ് 19 മഹാമാരി ആരംഭിച്ചപ്പോള്‍ത്തന്നെ ആശാ പ്രവര്‍ത്തകരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് ആദ്യമൊക്കെ വീടുവീടാന്തരം ചെന്നു പരിശോധിക്കാനും രോഗമുണ്ടോ എന്നു നിരീക്ഷിക്കാനും അവര്‍ നിര്‍ബന്ധിതരായത്.
യാതൊരു തരത്തിലുമുള്ള സുരക്ഷയോ അംഗീകാരമോ അവര്‍ക്കു നല്‍കിയില്ല. മടങ്ങിവന്ന കുടിയേറ്റക്കാരെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുകയും അവരോട് ക്വാറന്റൈനില്‍ കഴിയാന്‍ ആവശ്യപ്പെടുകയും ചെയ്ത ആശാ വര്‍ക്കര്‍മാര്‍ ഏറെ ഭീഷണിയും നേരിട്ടിട്ടുണ്ട്.
സംസ്ഥാനത്ത് 11 ആശ വര്‍ക്കര്‍മാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ ഇവരുടെ കുടുംബങ്ങള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുപോലും സര്‍ക്കാര്‍ മുന്‍കൈയെടുത്തില്ലെന്ന് ആശമാര്‍ പരാതിപ്പെടുന്നു.
ആരോഗ്യമേഖലയിലെ നിര്‍ണായക വ്യക്തിത്വം
തിരുവനന്തപുരം: ആശ എന്നാല്‍ അംഗീകൃത സാമൂഹ്യ ആരോഗ്യപ്രവര്‍ത്തക (അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്) എന്നാണര്‍ഥം. ഈ വിഭാഗത്തില്‍പ്പെട്ട 26,000 ത്തിലധികം പേരാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 2005ല്‍ ആരംഭിച്ച എന്‍ആര്‍എച്ച്എം (നാഷണല്‍ റൂറൽ ഹെല്‍ത്ത് മിഷന്) ഏഴ് വര്‍ഷം പ്രവര്‍ത്തിച്ചു.
പിന്നീട് 2012 മുതല്‍ 2017 വരെ അഞ്ചു വര്‍ഷത്തേക്കുകൂടി അതിന്റെ കാലാവധി നീട്ടുകയും പിന്നീട് നഗരപ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുകയും ചെയ്തതിനാല്‍ ഈ പദ്ധതിക്ക് എന്‍എച്ച്എം (നാഷണല്‍ ഹെല്‍ത്ത് മിഷന്) എന്ന് പുനര്‍നാമകരണം നടത്തി. സംസ്ഥാനത്ത് ഇന്ന് ആശ പ്രവര്‍ത്തകര്‍ ഗ്രാമീണ ജനതയും പൊതുജനാരോഗ്യ സേവനങ്ങളും തമ്മിലുള്ള കണ്ണിയായാണ് പ്രവര്‍ത്തിക്കുന്നത്.