സെക്രട്ടേറിയറ്റിനു മുന്നില്‍ ഫ്ലക്സ് ബോര്‍ഡ്; സര്‍ക്കാരിന്റെ സത്യവാങ്മൂലം ഹൈക്കോടതി വീണ്ടും തള്ളി
Friday, February 28, 2025 1:15 AM IST
കൊച്ചി: സെക്രട്ടേറിയറ്റിനു മുന്നില്‍ വലിയ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി വീണ്ടും തള്ളി.
ഉത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥര്ക്കെതിരേ അച്ചടക്ക നടപടിയെടുക്കില്ലെന്ന അഡീ. ചീഫ് സെക്രട്ടറിയുടെ രണ്ടാമത്തെ സത്യവാങ്മൂലമാണു ജസ്റ്റീസ് ദേവന് രാമചന്ദ്രന് തള്ളിയത്.
നടപ്പാതയില്‍ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സ്ഥാപിച്ച ബോര്‍ഡുമായി ബന്ധപ്പെട്ട് അഡീ. ചീഫ് സെക്രട്ടറി കെ.ആര്. ജ്യോതിലാലാണു സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സംഘടനയുടെ നേതാക്കളായ ഉന്നത ഉദ്യോഗസ്ഥര്ക്കെതിരേ അച്ചടക്ക നടപടിയെടുക്കാന്‍ പ്രഥമദൃഷ്ട്യാ വസ്തുതയില്ലെന്നും ഫ്ലക്സ് വച്ചതു പ്രചാരണ ഏജന്‍സിയാണെന്നും വിശദീകരിച്ചാണ് സത്യവാങ്മൂലം നല്‍കിയിരുന്നത്.
കുറ്റക്കാരെ വെള്ള പൂശാനും കുറ്റകൃത്യത്തിനുനേരെ കണ്ണടയ്ക്കാനുമാണു ശ്രമമെന്ന് വിമര്‍ശിച്ച കോടതി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഒരു അവസരംകൂടി നല്കി. അച്ചടക്ക നടപടിയെപ്പറ്റി മൗനം പാലിച്ചതിന്റെ പേരില്‍ അഡീ. ചീഫ് സെക്രട്ടറിയുടെ ആദ്യ സത്യവാങ്മൂലം നേരത്തേ കോടതി നിരാകരിച്ചിരുന്നു.